നീലേശ്വരം: കടലില്‍പെട്ട് ജീവന്മരണ പോരാട്ടം നടത്തിയ കുട്ടിക്ക് ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവരവ്. സംഭവം കണ്ടുനിന്ന നൂറുകണക്കിനാളുകള്‍ നിലവിളിച്ചപ്പോള്‍ തീരദേശ പോലീസിന്റെ രക്ഷാകൈകള് കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. അഴിത്തലയില്‍ കടല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയ നാലു വയസ്സുകാരനാണ് കടലില്‍ വീണത്. കഴിഞ്ഞ വൈകീട്ട് ആറിന് തൈക്കടപ്പുറം അഴിത്തല ബീച്ചിലാണ് സംഭവം.
കാഞ്ഞങ്ങാട് ചിത്താരിയില്‍ നിന്ന് അഴിത്തലയില്‍ കുടുംബത്തോടൊപ്പം എത്തിയ കുട്ടിയാണ് കടല്ത്തിരയില്പ്പെട്ടത്. കടല്ക്കരയില് കളിക്കുന്നതിനിടയില്‍ ഒഴുകിയ ചെരിപ്പിനു പിറകെപോയ കുട്ടി വലിയ തിരയില്‍പ്പെടുകയായിരുന്നു. എന്നാല്‍, കുട്ടിയെ രക്ഷപ്പെടുത്താന്‍ അഴിത്തല ബീച്ചില്‍ എത്തിയ ആര്‍ക്കും സാധിച്ചില്ല. ഈ സമയത്ത് കടപ്പുറത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റല്‍ വാര്ഡന്മാരുടെ ശ്രദ്ധയില്‍പെട്ട് വാര്ഡന്മാരായ എം.നന്ദു, സി.നന്ദുലാല്‍, ബോട്ടിന്റെ ക്രൂവായ രതീഷ്, ഷാജു എന്നിവര്‍ ചേര്‍ന്നാണ് സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തിയത്.
തിരമാലയില്‍പെട്ട കുട്ടി ജീവന്മരണ പോരാട്ടം നടത്തുന്നതിനിടയില്‍ തീരമാലകളുമായി മല്ലടിച്ചാണ് കുട്ടിയുടെ ജീവന് രക്ഷിച്ച് കരക്കെത്തിച്ചത്. അഴിത്തല തീരദേശ പോലീസിന്റെ ഇടപെടലില്‍ കടല്‍തീരത്ത് വന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഒരാഴ്ച മുമ്പ് അഴിത്തല ബിച്ചില്‍ എത്തിയ കുടുംബം കുട്ടിയെ കാറില്‍ മറന്ന് പോയ സംഭവത്തിലും പോലീസിന്റെ ഇടപെടലില്‍ കുട്ടി രക്ഷപ്പെട്ട മറ്റൊരു സംഭവവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: