ന്യൂദല്‍ഹി : കൊറോണ വൈറസ് വാക്സിന് വിതരണത്തിനായി സംസ്ഥാനങ്ങളിലേക്ക് ആദ്യ ബാച്ച് വാക്സിനുകള്‍ കയറ്റി അയച്ചു തുടങ്ങി. കോവിഷീല്‍ഡിന്റെ ആദ്യ ലോഡുകളാണ് ഇപ്പോള്‍ വിതരണത്തിനായി പുറപ്പെട്ടത്. പുനെ സെറം ഇന്‍സിറ്റിറ്റിയൂട്ടില്‍ നിന്ന് സംഭരണ കേന്ദ്രങ്ങളിലേക്കുള്ള മരുന്നിന്റെ ആദ്യ ബാച്ച് പുറപ്പെട്ട് കഴിഞ്ഞു.
താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലാണ് വാക്സിന് കൊണ്ടുപോകുന്നത്. ട്രക്കുകളില്‍ നിന്ന് വിമാനത്താവളങ്ങളിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാനമാര്‍ഗം എത്തിക്കുവാനാണ് പദ്ധതി. മൂന്ന് ട്രക്കുകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും യാത്ര തിരിച്ചത്.
ദല്‍ഹി, കര്‍ണാല്‍, അഹമ്മദാബാദ്, ചണ്ഡീഗഢ്, ലഖ്നൗ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി തുടങ്ങിയിടങ്ങളിലേക്കാണ് വാക്സിന് എത്തിക്കുക. ഇവിടെ നിന്നും എല്ലാ സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനി ഹബ്ബുകളിലേക്ക് മാറ്റും.
ആദ്യ ലോഡ് എയര്‍ ഇന്ത്യാ കാര്‍ഗോ വിമാനത്തില്‍ അഹമ്മദാബാദിലേക്കാണ്. മുംബൈയിലേക്ക് റോഡ് മാര്‍ഗവും വാക്സീന് കൊണ്ടു പോവും. രാജ്യത്തെ 13 ഇടങ്ങളിലേക്കാണ് ഇന്ന് വാക്സിനുകള്‍ എത്തിക്കുക. എട്ട് വിമാനങ്ങളും രണ്ട് കാര്‍ഗോ വിമാനങ്ങളും മറ്റ് കൊമേഴ്സ്യല്‍ വിമാനങ്ങളുമാണ് വാക്സിന് കൊണ്ടുപോകാന്‍ ഉപയോഗപ്പെടുത്തുക.
ജനുവരി 16 മുതലാണ് രാജ്യത്ത് വാക്സീന് കുത്തിവയ്പ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ വാക്സീന് വിതരണ ചെലവ് മുഴുവന്‍ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പതിനൊന്ന് കോടി ഡോസ് കൊവിഷീല്‍ഡ് വാക്സീനുള്ള പര്‍ച്ചേസ് ഓര്‍ഡറാണ് കേന്ദ്രം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്സിന് നല്‍കും. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കും. പൂനെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷമാണ് ഇവ വിവിധ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുക. 10 മണിയോടെ വിമാനത്താവളത്തില്‍ നിന്നും വാക്സിനുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: