Categories: BJP

വാളയാര്‍ കേസ് സിബിഐക്ക് വിടുന്നതിലൂടെ അട്ടിമറിച്ചതിന്റെ പാപഭാരം തീരില്ല: പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പി.സുധീര്‍

Published by

തിരുവനന്തപുരം: സര്‍ക്കാര്‍ വാളയാര്‍ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനമെടുത്തത് നില്‍ക്കകള്ളിയില്ലാതെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സിബിഐക്ക് കേസ് കൈമാറാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥന്മാരും, പ്രോസിക്യൂഷനും സര്‍ക്കാര്‍ സഹായത്തോടെയാണ് വാളയാര്‍ കേസ് അട്ടിമറിച്ചത്.

പക്ഷേ കുടുംബത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിനും , ജനകീയ പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നു . സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു.   അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം മുതല്‍ കേസ് ആത്മഹത്യയാക്കി ഒതുക്കാനാണ് പൊലീസ് ശ്രമിച്ചത്. 

തെളിവുകളും, പ്രതികള്‍ക്കെതിരായ വസ്തുത പരമായ മൊഴികളും ഉള്‍പ്പെടുത്താതെ കുറ്റപത്രം ദുര്‍ബലമാക്കി.  അതിന് നേതൃത്വം കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജന് ക്രൈംബ്രാഞ്ച് എസ്.പി യായി സംസ്ഥാന  സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കിയത് കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ്. സിപിഎമ്മുകാരായ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വാളയാറിലെ ഇരകള്‍ക്ക് നീതിനിഷേധിച്ചത്. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ കേസ് അട്ടിമറിച്ചതിന്റെ പാപഭാരത്തില്‍ നിന്ന് സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: p sudheer