ഗുരുവായൂര്‍: ക്ഷേത്രദര്‍ശനത്തിന് പ്രത്യേക സൗകര്യമൊരുക്കി തരാമെന്നു പറഞ്ഞ് ഗുരുവായൂരിലെത്തിയ ഭക്തസംഘത്തില്‍ നിന്ന് പണം വാങ്ങിയ ജീവനക്കാരനെതിരെ നടപടിയെടുക്കാതെ ദേവസ്വം അധികൃതര്‍.
കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് ഗുരുവായൂരിലെത്തിയ അഞ്ചുപേരടങ്ങുന്ന സംഘത്തില്‍ നിന്നാണ് ദര്‍ശന സൗകര്യം ഒരുക്കാമെന്ന് പറഞ്ഞ് ദേവസ്വം ആരോഗ്യവിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന് 2000 രൂപ കൈപ്പറ്റിയത്.
ജീവനക്കാരന് തുക നല്‍കിയശേഷം ചെറിയ കുഞ്ഞുമായി അഞ്ചുപേരടങ്ങുന്ന സംഘം ബാരിക്കേഡിനടുത്തെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ ജീവനക്കാരുമായി തര്‍ക്കത്തിലായി. കുട്ടികളെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ തറപ്പിച്ച് പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. പ്രത്യേകമായി പണം നല്കി പാസെടുത്താണ് തങ്ങള്‍ എത്തിയതെന്ന് തമിഴ് സംഘം പറഞ്ഞതോടെയാണ് ആരോഗ്യവിഭാഗത്തിലെ ജീവനക്കാരന്റെ കള്ളിവെളിച്ചത്തായത്. നെയ്വിളക്ക് ശീട്ടാക്കിയാണ് ഭക്തരെത്തിയതെന്ന് സംശയിച്ച സെക്യൂരിറ്റി ജീവനക്കാര്‍, റസീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ റസീറ്റ് നല്‍കിയില്ലെന്ന് ഭക്തര്‍ സെക്യൂരിറ്റിയെ അറിയിച്ചു.
ദേവസ്വം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ക്ഷേത്രദര്‍ശനത്തിനുള്ള പ്രത്യേക പാസ് സംവിധാനം ദുരുപയോഗം ചെയ്താണ് ജീവനക്കാരന് പണം കൈപ്പറ്റിയത്.
തര്‍ക്കം രൂക്ഷമായതോടെ ക്ഷേത്രം ഉദ്യോഗസ്ഥരെത്തി പ്രശ്നം അവസാനിപ്പിച്ച് തമിഴ്ഭക്തസംഘത്തെ ദര്‍ശനാനുമതി നല്കി പറഞ്ഞയച്ചു. ദേവസ്വം ചെയര്മാന് അഡ്വ: കെ.ബി. മോഹന്‍ദാസ് താല്‍ക്കാലിക ജീവനക്കാരനെതിരെ നടപടിയെടുക്കാന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഇയാള്‍ക്ക് പ്രത്യേക പാസ് നല്കിയ ജീവനക്കാരനെതിരെ നടപടിയെടുക്കാന്‍ ക്ഷേത്രം ഉന്നതാധികാരിക്കും നിര്‍ദ്ദേശം നല്കി. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ ഉദ്യോഗസ്ഥര്‍ കൈക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: