തിരുവനന്തപുരം: കുടുംബവഴക്കിന്റെയും അയല്‍പ്പക്കക്കാരനോടുള്ള വൈരാഗ്യത്തിന്റെയും പേരില്‍ വരെ പോക്സോ നിയമം (കുട്ടികള്‍ക്കെതിരായുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം) പ്രകാരം കേസു കൊടുക്കുന്നത് തുടര്‍ക്കഥയാവുന്നു. തലസ്ഥാനത്ത് കടയ്ക്കാവൂരില്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയെ ജയിലിലടച്ചതാണ് ഒടുവിലത്തേത്. ഇവരുടെ മുന്‍ ഭര്‍ത്താവ് ഇടപെട്ട് നല്കിയ പരാതി വ്യാജമാണെന്നാണ് ആക്ഷേപം.
ജില്ലയിലെ തന്നെ വാമനപുരത്ത് മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട അച്ഛന് ഇപ്പോള്‍ മാനസികനില തകര്‍ന്ന അവസ്ഥയിലാണ്. അച്ഛന് അല്ല പീഡിപ്പിച്ചതെന്ന് കുട്ടി നിരവധി തവണ പറഞ്ഞിട്ടും നടപടികളുണ്ടായില്ല. അയല്‍ക്കാരനോടുള്ള പകയുടെ പേരിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിമുക്തഭടനെ പോക്സോ കേസില്‍ കുടുക്കി അഞ്ച് ദിവസം തുറങ്കിലടച്ചത്. പരാതിക്കാരന്റെ വീട്ടിലെ സിസിടിവി ഉപയോഗിച്ച് വിമുക്തഭടന്റെ വീട്ടില്‍ നിന്നു വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ എടുത്താണ് നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന് പറഞ്ഞ് പരാതി നല്‍കിയത്.
2019 ഡിസംബറില്‍ ഹൈക്കോടതി പോക്സോ നിയമം ദുരുപയോഗം ചെയ്തുവെന്ന് പരാമര്‍ശിച്ചു. സ്കൂള്‍ ബസ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടി സത്യം തുറന്നു പറഞ്ഞതോടെയാണ് പരാതി കളവാണെന്ന് തെളിഞ്ഞത്. 2020 മെയില്‍ അച്ഛനെതിരെ വ്യാജപരാതി നല്കിയ പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട പോക്സോ കോടതി ഉത്തരവിട്ടു.
പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടി കളവാണ് പറയുന്നതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് തന്നെ വെളിപ്പെടുത്തി. ഹൈക്കോടതിയും ഈ നിരീക്ഷണത്തിലെത്തി. വേറൊരു കേസില്‍ അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കില്‍ പോക്സോ നിയമം പ്രയോഗിക്കുന്നതില്‍ അതീവ ശ്രദ്ധ വേണമെന്ന് ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഉണ്ടാകുന്ന 50 ശതമാനത്തിലധികം പോക്സോ കേസുകള്‍ വ്യാജമാണെന്ന് പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ആഭ്യന്തര വകുപ്പോ സര്‍ക്കാരോ നിയമത്തിലെ അപാകതകള്‍ പഠിക്കാനോ പരിഹാരം കാണാനോ തയാറായിട്ടില്ല.
- പോലീസ് വെട്ടിലാണ്
പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നടപടി എടുക്കണം. എഫ്ഐആര്‍ പോക്സോ കോടതിയിലോ തത്തുല്യ കോടതികളിലോ നല്‍കണം. ഇല്ലെങ്കില്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നിയമനടപടി ഉണ്ടാകും. അതിനാല്‍ അത്തരം പരാതികള്‍ വന്നാല്‍ നടപടി എടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, വാളയാര്‍ പീഡനം അടക്കമുള്ള സംഭവങ്ങളില്‍ പോലീസ് ഈ നിയമം യഥാവിധി പ്രയോഗിച്ചിട്ടുമില്ല.
.
- നിയമ ഭേദഗതി വേണം
പോക്സോ നിയമപ്രകാരം ഉള്ള പരാതികള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ രക്ഷിതാവിനെതിരെയും പരാതി നല്കാന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെയും ശിക്ഷാനടപടികള്‍ വേണം. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തണം
-ഡോ. ടി.പി. സെന്‍കുമാര്‍,
മുന്‍ പോലീസ് മേധാവി
- പരാതിയുടെ സാഹചര്യം കൂടി അന്വേഷിക്കണം
അറസ്റ്റിലേക്ക് നീങ്ങുന്നതിന് മുന്നേ പരാതി ഉണ്ടാകനുള്ള സാഹചര്യം എന്തെന്ന് കൂടി അന്വേഷിക്കണം. വൈരാഗ്യം മൂലമുള്ള പരാതികളാണെങ്കില്‍ അവ തിരിച്ചറിയണം. വ്യാജപരാതികള്‍ നിര്‍ത്തലാക്കണമെങ്കില്‍ അതിനുള്ള ശിക്ഷ കൂടി നിയമത്തില്‍ ചേര്‍ക്കണം
– ജിജിതോംസണ്,
മുന്‍ ചീഫ് സെക്രട്ടറി
- ഡിജിപി സര്‍ക്കുലര്‍ നല്‍കണം
പോക്സോയില്‍ നിരപരാധികളെ ഇരകളാക്കുന്നത് അതീവ ഗൗരവമുള്ളതാണ്. കുടുംബപ്രശ്നങ്ങളുടെ പേരിലുള്ളതും വൈരാഗ്യത്തിന്റെ മറവിലെയും പരാതികളില്‍ പോലീസ് പ്രതിഭാഗത്തിന്റെ അഭിപ്രായവും കൂടി കേള്‍ക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിതരെ കേസെടുക്കുംമുമ്പ് അവരുടെ ഭാഗം കൂടി കേള്‍ക്കണമെന്ന സര്‍ക്കുലര്‍ പോക്സോ കേസുകളിലും ബാധകമാക്കാന്‍ ഡിജിപി നടപടിയെടുക്കണം
– പി. സുരേഷ്,
മുന്‍ ബാലാവകാശ കമ്മീഷന് ചെയര്മാന്
- കടുത്ത മനുഷ്യാവകാശ ലംഘനം
കുട്ടികളെ മറയാക്കി വൈരാഗ്യം തീര്‍ക്കുന്നത് കുടുംബ കോടതികളില്‍ സാധാരണമായിരുന്നു. ഇന്ന് കുടുംബവഴക്കില്‍ മാത്രമല്ല നിസാര വൈരാഗ്യമുള്ള കേസുകളിലും പോക്സോ നിയമം പ്രയോഗിക്കുകയാണ്. ഇതെല്ലാം ബാധിക്കുന്നത് കുട്ടികളെ കൂടിയാണ്. വ്യാജപരാതികളില്‍ കുടുങ്ങുന്നവര്‍ക്ക് കടുത്ത മനുഷ്യാവകാശലംഘനം കൂടിയാണ് ഉണ്ടാകുന്നത്.
– പി. മോഹനദാസ്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം
- പരാതി വ്യാജമെങ്കില്‍ കോടതിയെ അറിയിക്കണം
അച്ഛന്, അമ്മ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍ പോലീസ് നന്നായി അന്വേഷിച്ചശേഷം മാത്രമേ അറസ്റ്റിലേക്ക് നീങ്ങാവൂ. കുട്ടികളെ പ്രലോഭിപ്പിച്ച് കള്ളം പറയിക്കാന്‍ എളുപ്പമാണ്. പരാതി വ്യാജമാണോ എന്ന് അറിയാന്‍ അന്വേഷണ ഏജന്‍സിയായ പോലീസിന് മാത്രമേ സാധിക്കൂ. വ്യാജമാണെങ്കില്‍ ആ വിവരം കോടതിയെ ധരിപ്പിക്കുക എന്നതും പോലീസിന്റെ ഉത്തരവാദിത്തമാണ്.
–അഡ്വ. എന്‍. സുനന്ദ
ചെയര്‍പേഴ്സണ്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: