കൊച്ചി: സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പാര്‍ട്ടി കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും തിരക്കിട്ട് തിരിച്ചെടുത്തതിന് പിന്നില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പ്പര്യം. സംസ്ഥാന നേതൃത്വത്തിലെ ചിലരുമായി പാര്‍ട്ടിക്ക് അപ്പുറത്തുള്ള സക്കീറിന്റെ ബന്ധമാണ് സസ്പെന്ഷന് കാലാവധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെടുക്കാന്‍ കാരണം.
സക്കീറിനോട് പാര്‍ട്ടി കാണിക്കുന്ന മൃദു സമീപനത്തില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരും ചില മുതിര്‍ന്ന നേതാക്കളും അതൃപ്തരാണ്. നിസാരകാര്യങ്ങള്‍ക്കു പോലും പാര്‍ട്ടിയില്‍ നിന്ന് പുറത്തായവരും തരംതാഴ്ത്തപ്പെട്ടവരും ഇപ്പോഴും അതേ നിലയില്‍ തുടരുന്നു. എന്നാല്‍ തുടര്‍ച്ചയായി കടുത്ത ആരോപണങ്ങള്‍ നേരിടുകയും അവ പാര്‍ട്ടി തന്നെ ശരിയാണന്ന് കണ്ടെത്തുകയും ചെയ്തിട്ടും കാലതാമസമില്ലാതെ സക്കീറിനെ വീണ്ടും പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തിക്കാനുളള സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ അമിത താല്‍പ്പര്യമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നത്.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവുമായി അടുത്ത ബന്ധമുള്ള സക്കീറിന് സിപിഎമ്മിലെ കണ്ണൂര്‍ നേതാക്കളുമായുള്ള അടുപ്പവും തുണയായി. അധോലോകവും രാഷ്ട്രീയവും തമ്മിലുളള കൈകോര്‍ക്കലിന്റെ നേര്‍സാക്ഷ്യമാണ് സക്കീറിനെ തിരിച്ചെടുത്തതിലൂടെ വെളിവാകുന്നതെന്നാണ് ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം.
സക്കീറിനെ ഭയപ്പെടുന്നവരിലേറെയും പാര്‍ട്ടിയിലുള്ളവരാണ്. ഏറെനാള്‍ പുറത്ത് നിര്‍ത്തിയാല്‍ സംസ്ഥാനത്തെ പല നേതാക്കള്‍ക്കും സക്കീര്‍ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പൊടുന്നനെയുള്ള തിരുമാനത്തിന് നേതാക്കളെ പ്രേരിപ്പിച്ചത്.
വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതോടെയാണ് സക്കീറിന്റെ ക്വട്ടേഷന്‍ ബന്ധം പുറത്തായത്. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് സക്കീറിനെ ന്യായീകരിച്ച് രംഗത്ത് വന്നു. സംഭവത്തില്‍ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും പിന്നീട് എളമരം കരീം നടത്തിയ അന്വേഷണത്തിന്റെ തണലില്‍ വീണ്ടും ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് സക്കീര്‍ തിരച്ചെത്തി. സക്കീറിന്റെ ചെയ്തികളെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് മൂന്ന് കമ്മീഷനുകളെ വയ്ക്കേണ്ടതായും വന്നു.
സക്കീറിനെ തിരിച്ചെടുത്തതില്‍ കളമശേരി ഏരിയ കമ്മിറ്റിയില്‍ അസ്വസ്ഥത പുകയുകയാണ്. കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റി ചേരാന്‍ നിശ്ചയിച്ചെങ്കിലും കോറം തികഞ്ഞില്ല. 21 അംഗ ഏരിയ കമ്മിറ്റിയില്‍ ഏഴുപേര്‍ മാത്രമാണ് യോഗത്തിന് എത്തിയത്. വി.എസ് ഗ്രൂപ്പിലെ പ്രമുഖനായിരുന്ന കെ. ചന്ദ്രന്‍പിള്ള ഇക്കുറി കളമശേരിയില്‍ മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
അടുത്തിടെ പിണറായി പക്ഷത്തേക്ക് ചാഞ്ഞ ചന്ദ്രന്‍പിള്ളക്ക് സക്കീറിന്റെ പിന്തുണയില്ലാതെ കളമശേരിയില്‍ പിടിമുറുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ചന്ദ്രന്‍പിള്ളയുടെയും മൗനാനുവാദം സക്കീറിന്റെ തിരച്ചുവരവില്‍ ഉണ്ട്. എന്നാല്‍ കളമശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ നികേഷ്കുമാറും തയ്യാറെടുക്കുന്നുണ്ട്. നികേഷ് മല്‍സരിച്ച അഴിക്കോട്, മന്ത്രി ഇ.പി. ജയരാജന്റെ പിഎസ് സ്ഥാനത്ത് നിന്ന് മാറ്റിയ എം. പ്രകാശന് നല്‍കാനാണ് സിപിഎമ്മില്‍ ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: