മുംബൈ: ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വത്തിലുള്ള മഹാരാഷ്ട്രസര്‍ക്കാര്‍ വീണ്ടും പ്രതികാരരാഷ്ട്രീയം കളിക്കുന്നു. ഇക്കുറി ബിജെപിയുടെ മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും ബിജെപിയെ ശക്തമായി പിന്തുണയ്ക്കുന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയുടെയും സുരക്ഷാപദവി വെട്ടിച്ചുരുക്കിക്കൊണ്ടാണ് മഹാരാഷ്ട്രസര്‍ക്കാരിന്റെ പ്രതികാരം.
ഇത് പകപോക്കലാണെന്ന് ബിജെപി നേതാവും എംഎല്‍എയുമായി രാം കാദം കുറ്റപ്പെടുത്തി. മുന്‍ മഹാരാഷ്ട്രമുഖ്യമന്ത്രിമാരുടെ സുരക്ഷാപദവി ഇസെഡ് കാറ്റഗറിയില്‍ നിന്നും വൈ കാറ്റഗറിയിലേക്ക് മാറ്റി. ഇതിന്റെ ഭാഗമായാണ് ഫഡ്നാവിസിനും രാജ് താക്കറെയ്ക്കും സുരക്ഷ വെട്ടിച്ചുരുക്കിയത്. ഇതിന് പുറമെ ഫഡ്നാവിസിന് പ്രത്യേകമായി അനുവദിച്ച ബുള്ളറ്റ് പ്രൂഫ് വാഹനവും റദ്ദാക്കി. അതേ സമയം മുന്‍ മഹാരാഷ്ട്രമുഖ്യമന്ത്രി ശരത് പവാറിനുള്ള സുരക്ഷയില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. ശരത്പവാറിന് സുരക്ഷാ ഭീഷണി കൂടുതലായുണ്ടെന്നാണ് ഇതിന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് നല്കുന്ന വിശദീകരണം.
ബിജെപി മഹരാഷ്ട്ര സംസ്ഥാനാധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടിലിന്റെ വൈപ്ലസ് സുരക്ഷ റദ്ദാക്കി. അതേ സമയം കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹയ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കളായ രാം നായിക്, കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ, ശിവസേന നേതാവ് ദീപക് കേസ്കാര്‍ എന്നിവരുടെ സുരക്ഷയും വെട്ടിച്ചുരുക്കി. അതേ സമയം ഡെപ്യൂട്ടി മുഖ്യമന്ത്രിയായ അജിത് പവാറിന്റെ ഭാര്യ സുനേത്രയ്ക്കും യുവ സേന അധ്യക്ഷന്‍ വരുണ്‍ സര്‍ദേശായിക്കും സുരക്ഷപദവി വര്ധിപ്പിച്ചിട്ടുണ്ടെന്നതാണ് ഈ തീരുമാനത്തിന്റെ വൈരുദ്ധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: