കോട്ടയം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ 10, പ്ലസ്ടു ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കേള്‍വി-കാഴ്ച പരിമിതിയുള്ളവര്‍ക്കായുള്ള സവിശേഷ വിദ്യാലയങ്ങള്‍ അടഞ്ഞു തന്നെ. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്ന കുട്ടികളുടെ ഭാവി അനിശ്ചിത്വത്തിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ കാഴ്ചപരിമിതിയുള്ളവര്‍ക്കായി നാലും കേള്‍വി പരിമിതിയുള്ളവര്‍ക്കായി പതിമൂന്നും സ്‌കൂളുകളാണുള്ളത്. ഇതുകൂടാതെ സ്വകാര്യ സ്‌കൂളുകളുമുണ്ട്.
ജനുവരി ഒന്നു മുതല്‍ സ്‌കൂളുകളും കോളേജുകളും തുറന്നതോടെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കായി തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് സ്‌കൂളുകളിലെത്തി ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങി. എന്നാല്‍ കേള്‍വി-കാഴ്ച പരിമിതിയുള്ളവര്‍ക്കായുള്ള സവിശേഷ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടില്ല.
വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഭിന്നശ്ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെട്ടതുമില്ല. വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി മാതാപിതാക്കള്‍ തന്നെയാണ് തങ്ങളാല്‍ കഴിയും വിധം പാഠഭാഗങ്ങള്‍ പഠിപ്പിച്ചത്. എന്നാല്‍, പൊതുപരീക്ഷയില്‍ മാര്‍ക്ക് നേടാന്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം കഴിയുമെന്നതാണ് രക്ഷിതാക്കളുടെ ആശങ്ക.
സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സ്‌പെഷ്യല്‍ സ്‌കൂളുകളിലൊന്നായ കോട്ടയം ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ എട്ട് വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി സ്‌കൂളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഹൈസ്‌കൂളില്‍ അദ്ധ്യാപക നിയമനം നടത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി താല്‍ക്കാലിക അദ്ധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്.
മാറി വരുന്ന താല്‍ക്കാലിക അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ വേണ്ട വിധം പരിശീലിപ്പിക്കാന്‍ കഴിയുന്നില്ല. സ്ഥിരം അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പിടിഎ സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സ്‌കൂള്‍ ഹോസ്റ്റല്‍ തുറക്കാനും അനുമതി നല്‍കിയിട്ടില്ല. കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹോസ്റ്റല്‍ തുറന്നു പ്രവര്‍ത്തിക്കാതെ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ സാധിക്കില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ കുട്ടികളുമായി സമരരംഗത്തിറങ്ങനാണ് രക്ഷിതാക്കളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: