തൃശൂര്‍: അടാട്ട് ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ നടന്നത് കോടികളുടെ വായ്പ തട്ടിപ്പ്. ഇത് സംബന്ധിച്ച വിജിലന്‍സ് കേസില്‍ താമസിയാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന.
തൃശൂര്‍ അത്താണിയിലെ ജില്ലാ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന് (കാര്‍ത്തിക റൈസ്) രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ വായ്പ അടാട്ട് ബാങ്ക് നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. രണ്ടിടത്തും യുഡിഎഫ് ഭരണസമിതിയുള്ളപ്പോഴായിരുന്നു വായ്പാ തട്ടിപ്പ്.
2013 ആഗസ്റ്റില്‍ അനധികൃതമായി ആറരക്കോടി രൂപ വായ്പ അനുവദിച്ചു. വായ്പ പിന്നീട് 2016ല്‍ ഒമ്പതു കോടി രൂപയാക്കി പുതുക്കി നല്കി. പലിശയും മുതലുമടക്കം വായ്പാ സംഖ്യ ഇപ്പോള്‍ 13 കോടി 83 ലക്ഷം രൂപയായിട്ടുണ്ട്. വന്‍തുക കിട്ടാക്കടമായതോടെ ബാങ്കിന്റെ നിലനില്‍പ്പും പ്രതിസന്ധിയിലായി.
രണ്ടാംഘട്ടത്തില്‍ അനധികൃതമായി കോടികളുടെ വായ്പ ബാങ്ക് നല്‍കിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ആറരക്കോടി രൂപ വായ്പ നല്‍കിയെന്ന ആദ്യ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെരിങ്ങണ്ടൂരും അവണൂരുമുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഈടായി നല്‍കിയാണ് രണ്ടാമത്തെ വായ്പാ തട്ടിപ്പെന്ന് വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും അടാട്ട് ബാങ്ക് ഭരണസമിതി നെല്ല് വാങ്ങി അത്താണി നെല്ല് സംസ്കരണ വിപണന സഹകരണ സംഘത്തിന് നല്കി അരിയാക്കി വിറ്റ് പണവും പലിശയും തിരിച്ചടയ്ക്കുമെന്ന വെള്ളപേപ്പറിലെ കരാറിലാണ് ബാങ്ക് കോടികള്‍ വായ്പ നല്‍കിയത്.
കരാര്‍ പ്രകാരം ബാങ്ക് നെല്ലെടുക്കുകയോ, സംഘത്തിന് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തി.
രേഖകളില്ലാതെ 15 കോടി രൂപ അനധികൃതമായി വായ്പയെടുത്തെന്ന് ആരോപിച്ചുള്ള പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: