തിരുവനന്തപുരം: നവംബര്‍ 26ന് നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് നീക്കം. ഇതിനു മുന്നോടിയായി എല്ലാ വകുപ്പുതലവന്മാരും നിശ്ചിത വിവരങ്ങള്‍ പ്രത്യേകം തയാറാക്കി പൊതുഭരണവകുപ്പില്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് കാട്ടി സര്‍ക്കുലര്‍ കൈമാറി.
പണിമുടക്ക് ദിവസം എല്ലാ വകുപ്പുകളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഹാജര്‍നിലയുടെ വിശദാംശം ശേഖരിക്കുന്നതിനായി നിശ്ചിത മാതൃക തയാറാക്കി വിവരങ്ങള്‍ സമാഹരിക്കുന്നതിനാണ് നിര്‍ദേശം നല്‍കിയത്. വകുപ്പിലെ മൊത്തം ജീവനക്കാര്‍, പണിമുടക്ക് ദിവസം ഹാജരായവര്‍, ഹാജര്‍നിലയുടെ ശതമാനം, യാത്രാസൗകര്യം എത്രത്തോളം ലഭ്യമായിരുന്നു എന്നീ വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. യാത്രാസൗകര്യം ലഭ്യമായതിനെക്കുറിച്ചുള്ള ചോദ്യം ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കാനുള്ള മാനദണ്ഡമൊരുക്കാന് വേണ്ടിയാണ് എന്നാണ് ആക്ഷേപം.
അഞ്ചര ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും പണിമുടക്കില്‍ പങ്കെടുത്തു. ഇടതു-വലതു സര്‍വീസ് സംഘടനകള്‍ അന്ന് ജീവനക്കാര്‍ അവധിയെടുക്കരുതെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. അഞ്ച് ശതമാനം പേര് മാത്രമാണ് അന്ന് അവധി നല്‍കിയത്.
അന്ന് പണിമുടക്കില്‍ പങ്കെടുത്ത ഭൂരിപക്ഷവും ഇതുവരെയും ജോലിക്ക് ഹാജരാവാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടില്ല. ഇവര്‍ക്ക് ശമ്പളം ലഭ്യമാക്കാന്‍ യാത്രാസൗകര്യമില്ലാത്തതു കൊണ്ട് ഹാജരാവാനായില്ല എന്നു വരുത്തിതീര്‍ക്കാനാണ് പൊതുഭരണ വകുപ്പ് വിവരശേഖരണം നടത്തുന്നതെന്നാണ് ആക്ഷേപം.
പണിമുടക്ക് ദിവസം സാധാരണക്കാരായ തൊഴിലാളികളുടെ വരുമാനം നിലച്ചപ്പോള്‍ യാത്രാസൗകര്യത്തിന്റെ മറയുണ്ടാക്കി സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: