തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന നിയമോപദേശം ലഭിച്ചു. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറിന്റെ നിയമോപദേശം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് ഇ-മെയില്‍ വഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജറ്റ് സമ്മേളനം നടക്കുന്നതിനാല്‍ അതിനുശേഷമായിരിക്കും ചോദ്യം ചെയ്യുക.
സഭയോടുള്ള ആദരസൂചകമായി ഈ സമയത്ത് ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കസ്റ്റംസിന് ഉപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യാന്‍ തടസങ്ങളില്ലെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും പി എസ് സരിത്തും നല്‍കിയ മൊഴികളു അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. 1.90 ലക്ഷം ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. സ്വപ്‌നയുടെയും സരിത്തിന്റെയും സഹായത്തോടെ യുഎഇ കോണ്‍സുലേറ്റ് സാമ്പത്തിക വിഭാഗം മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് അലി ഷൗക്രി കയ്‌റോയിലേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: