2017 ജനുവരി 13 കേരളത്തിന്റെ സമൂഹ മനസ്സാക്ഷി നാണിച്ച് ശിരസ് കുനിച്ച ദിവസമാണ്. അന്നാണ് വാളയാറിലെ 13 വയസ്സുള്ള മൂത്തപെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്. സാധാരണ ഇത്തരം ഒരു മരണത്തിന് കിട്ടേണ്ട ഒരു മാധ്യമ ശ്രദ്ധയും ഈ മരണത്തിന് കിട്ടിയില്ല. മെഴുകുതിരികള്‍ കത്തിയില്ല. നവമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ഉണ്ടായില്ല. എന്തിന് ഈ മരണത്തെക്കുറിച്ച് പറഞ്ഞ ഇളയസഹോദരിയുടെ മൊഴിപോലും പരിഗണിക്കപ്പെട്ടില്ല. തന്റെ മൂത്ത സഹോദരിയുടെ മരണത്തെക്കുറിച്ചുള്ള ആ ഒമ്പത് വയസ്സുകാരിയുടെ സംശയങ്ങള്‍ തിരസ്‌ക്കരിക്കപ്പെട്ടു. എന്നാല്‍ ആ മൊഴിയുടെ അപകടം കൃത്യം ചെയ്തവര്‍ക്ക് മനസ്സിലായി. പല നിര്‍ണ്ണായക മൊഴികളും പറയാന്‍ സാദ്ധ്യതഉണ്ടായിരുന്ന ആ ഇളംജീവന്‍ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിക്കപ്പെട്ടു. രണ്ടു മാസം തികയുന്നതിന് മുമ്പ് 2017 മാര്‍ച്ച് 4ന് ആ ഒമ്പതു വയസ്സുകാരിയും ദുരൂഹസാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടു. പ്രബുദ്ധ കേരളം അപ്പോഴെങ്കിലും ആലസ്യത്തില്‍ നിന്ന് ഉണരേണ്ടതായിരുന്നു. നമ്മുടെ സാംസ്‌കാരിക നായകന്മാര്‍ ആ ഘട്ടത്തിലെങ്കിലും മൗനം വെടിയേണ്ടതായിരുന്നു. എന്നാല്‍ അത്തരം ആഗ്രഹങ്ങള്‍ അസ്ഥാനത്തായിരുന്നു.
ഒരു ‘വിചാരണ’ക്കു ശേഷം പ്രതികളെ പാലക്കാട് പോക്‌സോ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. തുടര്‍ന്ന് ഈ കേസിലുണ്ടായ പാകപ്പിഴകളെ കുറിച്ച് ആദ്യം ചര്‍ച്ചകളുയര്‍ന്നത് സമൂഹ മാധ്യമങ്ങളിലാണ്. നീതി നിഷേധത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങള്‍ ഉയര്‍ത്തിയ വാര്‍ത്തകള്‍ പിന്നീട് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പിന്തുടരേണ്ടിവന്നു. വാളയാര്‍ നീതി നിഷേധത്തിന്റെ പ്രതീകമായി മാറി. രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ പ്രതീകമായി നിണമണിഞ്ഞ പെറ്റികോട്ടുകള്‍ കേരള മനസാക്ഷിയെ ഉത്തരം മുട്ടിച്ചു. ഈ ഘട്ടത്തില്‍ ഇരകളുടെ മാതാപിതാക്കളെ തേടി നിരവധി സഹായ ഹസ്തങ്ങളെത്തി. പാലക്കാട് പോക്‌സോ കോടതിയുടെ വിധിക്കെതിരായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പ്രസ്താവിച്ചു. തുടര്‍ന്ന് ഈ നിലപാട് പിന്തുടരാന്‍ സംസ്ഥാന സര്‍ക്കാറും നിര്‍ബന്ധിതരായി. കുട്ടികളുടെ അമ്മയും സംസ്ഥാന സര്‍ക്കാരും പ്രതികളെ കുറ്റവിമുക്തരാക്കിയപോക്‌സോ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീലുകള്‍ ജനുവരി ആറിന് കേരള ഹൈക്കോടതി അനുവദിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌കോടതി വിധി റദ്ദാക്കി. അപൂര്‍വ്വമായ ഒരു വിധി ന്യായമാണ് ജസ്റ്റിസ് മാരായ എ. ഹരിപ്രസാദ്, എം.ആര്‍. അനിത എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ചത്. നിയമത്തിന്റെ എല്ലാ സാങ്കേതികത്വവും മറികടന്ന് നീതിയിലേക്കുള്ള പ്രയാണമാണ് ആ വിധി.
കേസില്‍ പുനര്‍വിചാരണ നടത്താനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രവുമല്ല തുടരന്വേഷണത്തിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ അത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് തെളിയിക്കാന്‍ ഉതകുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇരു വിഭാഗങ്ങളെയും അനുവദിക്കണം. സാക്ഷികളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനുള്ള അവകാശം ആവിശ്യമെങ്കില്‍ ഉപയോഗിക്കണമെന്ന് വിചാരണ കോടതിയോട് നിര്‍ദ്ദേശിച്ചു.
അതു മാത്രമല്ല ഈ കേസിലെ കുറ്റാന്വേഷണവും പ്രോസിക്യൂഷനും വിചാരണ കോടതിയുടെ നിലപാടുകളും പരിശോധിച്ച ഹൈക്കോടതി ചില നിര്‍ണ്ണായക നിരീക്ഷണങ്ങളും ഈ കേസില്‍ നടത്തി. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന ന്യായാധിപന്മാര്‍ക്ക് കേരളാ ജുഡീഷ്യല്‍ അക്കാദമി പ്രത്യേകം പരിശീലനം നല്‍കണം. അന്വേഷണത്തിലും പ്രോസിക്യൂഷനിലും ഉണ്ടാകുന്ന വീഴ്ചകള്‍ ഒഴിവാക്കാനായി വിധി പകര്‍പ്പ് ചീഫ് സെക്രട്ടറിയ്‌ക്കയക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
അന്വേഷണത്തിന്റെയും പ്രോസിക്യൂഷന്റേയും വിചാരണകോടതിയുടേയും പോരായ്മകള്‍ എടുത്തു പറയുവാന്‍ ഈചരിത്രപരമായ വിധിന്യായത്തിലൂടെ ഹൈക്കോടതി ശ്രമിച്ചു. ഇളയകുട്ടിയുടേയും മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും, മൂത്തകുട്ടിയുടെ മരണത്തിന് ശേഷമുള്ള മൊഴികള്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ശരീയായ രീതിയില്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇളയകുട്ടി കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ കുറ്റപ്പെടുത്തുന്നു. ഒരു കുറ്റകൃത്യം കണ്ടാല്‍ അടുത്തത് തടയാനുള്ള കുറ്റാന്വേഷകന്റെ നൈസര്‍ഗികമായ കഴിവ് അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ടായിരുന്നില്ല. കുട്ടികളുടെ അടുത്ത ബന്ധുക്കളുടെ മൊഴികള്‍ പോലും ശരിയായ രീതിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. നമ്മുടെ ക്രിമിനല്‍ നിയമമനുസരിച്ച് പ്രോസിക്യൂഷന്‍ നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ നിലവിലെ പ്രോസിക്യൂഷന്‍ രീതിയിലെ അപാകതകളെകുറിച്ച് ഈ വിധിന്യായം വിരല്‍ ചൂണ്ടുന്നു. ക്രിമിനല്‍ നടപടിക്രമപ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ നിര്‍വ്വഹിക്കാന്‍ വിശ്വസ്തരായവരെ ജില്ലാ ജഡ്ജിയുടെ കൂടെ അഭിപ്രായം മാനിച്ചാണ് തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ പലപ്പോഴും രാഷ്‌ട്രീയ താല്‍പര്യങ്ങളാണ് കാര്യശേഷിയേക്കാള്‍ വലിയ ‘യോഗ്യത’യെന്നും ഗൗരവമേറിയ കേസുകളില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി കണ്ടെത്തി. ഈ കേസിലെ വീഴ്ച നീതിയെ പരിഹസിക്കുന്നതു തുല്യമാണെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ കേസിലെ പ്രോസിക്യൂട്ടര്‍ക്കെതിരെയും വിധിന്യായത്തില്‍ പരാമര്‍ശങ്ങളുണ്ട്. പലപ്പോഴും അര്‍ദ്ധമനസ്സോടെയാണ് പ്രോസിക്യൂഷന്‍ കേസ് നടത്തിയത്. അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ചില പ്രധാന സാക്ഷികളെ യാതൊരു ന്യായീകരണവുമില്ലാതെ പ്രോസിക്യൂട്ടര്‍ ഒഴിവാക്കി. കൂറുമാറിയ സാക്ഷികളെ ക്രോസ് ചെയ്തതിലും വലിയ വീഴ്ചയുണ്ടായി. അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി വായിച്ച് വേണമായിരുന്നു കൂറുമാറ്റ മൊഴി രേഖപ്പെടുത്താന്‍. എന്നാല്‍ മാത്രമേ ഈ മൊഴി തനിക്കു നല്‍കിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് സമര്‍ത്ഥിക്കാനാകുകയുള്ളൂ. ഈ കേസില്‍ കൂറുമാറിയ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത് അപ്രകാരമായിരുന്നില്ല. ഇത്തരത്തില്‍ പ്രോസിക്യൂഷന്‍ പാകപ്പിഴകളുടെ ഒരു പ്രബന്ധം തന്നെയായിരുന്നു ഈ കേസിലെ നടപടി ക്രമങ്ങള്‍.
ഒരു ക്രിമിനല്‍ കേസ് വിചാരണയില്‍ വിചാരണകോടതിക്കും പങ്കുണ്ടെന്ന് വിധിന്യായത്തില്‍ ഹൈക്കോടതി ഓര്‍മ്മിപ്പിക്കുന്നു. സാക്ഷികളോട് നേരിട്ട് ചോദ്യം ചോദിച്ച് വസ്തുതകള്‍ ബോധ്യപ്പെടാന്‍ വിചാരണകോടതിക്ക് അവകാശമുണ്ട്. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ വിചാരണക്കോടതി ചെയ്തില്ല. പല പ്രധാനപ്പെട്ട മൊഴികളും വിചാരണ കോടതി അവിശ്വസിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭാവി സത്യത്തിന് അടിസ്ഥാനമായിരിക്കുമെന്ന് ഉറപ്പിക്കുമ്പോഴേ ജനങ്ങള്‍ക്ക് നീതി നിര്‍വ്വഹണ സമ്പ്രദായത്തോട് ബഹുമാനമുണ്ടാകൂവെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ നീതിനിര്‍വ്വഹണ സമ്പ്രദായത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ വിധിന്യായം. പ്രഥമ വിവരം രേഖപ്പെടുത്തുന്നത് തൊട്ട് തെളിവുകള്‍ അപഗ്രഥിക്കുന്നത് വരെ എവിടെയൊക്കെ പാകപ്പിഴവുകള്‍ സംഭവിക്കുന്നുവെന്ന് ഈ വിധിന്യായം ചൂണ്ടിക്കാട്ടുന്നു. ഇരകള്‍ അടിസ്ഥാനവര്‍ഗ്ഗത്തിലുള്ളവരാണെങ്കില്‍ നമ്മുടെ സംവിധാനം എങ്ങനെ അവരെ അവഗണിക്കുന്നുവെന്ന് ഹൈക്കോടതി വിധി ഓര്‍മ്മിപ്പിക്കുന്നു. പ്രോസിക്യൂഷനും പോലീസും വിചാരണക്കോടതി പോലും നീതിയുക്തമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഈ വിധിന്യായം എടുത്ത് പറയുന്നു. വിചാരണകോടതിവിധി അസ്ഥിരപ്പെടുത്തിയെങ്കിലും, ഇനിയും എത്ര കടമ്പകള്‍ കടന്നാലാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയെന്നത് കാത്തിരുന്ന്തന്നെ കാണണം. വൈകി ലഭിക്കുന്ന നീതിയും നീതി നിഷേധം തന്നെയാണ്.
ആര്‍.വി. ശ്രീജിത്ത്
ഹൈക്കോടതി അഭിഭാഷകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: