വാഷിംഗ്ടണ്‍: സ്ഥാനമൊഴിയാന്‍ വെറും പത്ത് ദിവസം അവശേഷിക്കെ യുഎസ് പ്രസിന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ഡെമോക്രാറ്റുകള്‍ ജനപ്രതിനിധിസഭയില്‍ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. ഇതിനായി സ്പീക്കര്‍ നാന്‍സി പെലോസി അനുമതി നല്കി. ട്രംപിന്റെ അനുയായികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമങ്ങളില്‍ പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത്.
ട്രംപ് ഇംപീച്ച്മെന്റ് അര്‍ഹിക്കുന്നുവെന്നാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇംപീച്ച്മെന്റ് വെറും രാഷ്ട്രീയപ്രേരിതമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. അതിനിടെ ട്വിറ്ററും ട്രംപിന്റെ അക്കൗണ്ടിന് എന്നെന്നേക്കുമായി വിലക്ക് ഏര്‍പ്പെടുത്തി. അക്രമങ്ങള്‍ക്ക് അനുയായികളെ പ്രേരിപ്പിക്കുന്നതില്‍ നിന്നും തടയാനാണെന്നാണ് ട്വിറ്റര്‍ വിശദീകരിക്കുന്നത്. @റിയല്ട്രംപ് എന്ന അക്കൗണ്ടാണ് റിദ്ദാക്കിയത്. പകരം ട്രംപ് മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടായ @പോട്ടസ് ഉപയോഗിച്ച് ശനിയാഴ്ചയും ട്വീറ്റ് ചെയ്തു.
ജോ ബൈഡന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ സത്യപ്രതി്ജ്ഞാദിനത്തില് വീണ്ടും കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു. ജനവരി 20നാണ് ബൈഡന് സത്യപ്രതിജ്ഞ ചെയ്യുക. ബുധനാഴ്ചത്തെ ക്യാപിറ്റോള്‍ ഹില്‍ ആക്രമണത്തിനിടയില്‍ ബോംബുള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിറച്ച ഒരു ട്രക്ക് കണ്ടെത്തിയത് കൂടുതല്‍ ആശങ്ക പടര്‍ത്തുന്നു.
ട്രംപ് ലോകരാഷ്ട്രങ്ങള്‍ക്കിടയിലും അമേരിക്കയിലും സ്വന്തം പാര്‍ട്ടിയിലും ഒറ്റപ്പെടുന്ന അവസ്ഥയാണ്. സോഷ്യല്‍ മീഡിയകള്‍ ഒന്നൊന്നായി ട്രംപിനെ കയ്യൊഴിയുകയാണ്. ഇന്‍സ്റ്റഗ്രാം, ഫേസ് ബുക്ക് എന്നിവയ്ക്ക് പിന്നാലെ ശനിയാഴ്ച ട്വിറ്ററും ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കി. ഇതിനിടെ ഇറാഖ് കോടതി ട്രംപിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. ഇറാന്റെ സൈനിക മേധാവി സൊലൈമാനിയെ വധിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: