ഈ ശ്ലോകം വിശദീകരിക്കുന്നതിനു മുമ്പ് ഒരു മുഖവുര നന്നെന്നു തോന്നുന്നു:കുറ്റവാളികളെ തടവിലിടുക, രാജ്യം കാക്കുക എന്നെതെല്ലാം രാജാക്കന്മാരുടെ ചുമതലകളാണല്ലോ. ഇവിടെ തിരുവിതാംകൂര്‍ രാജാവ് മഹാവിഷ്ണുവിനെ തടവിലാക്കിയത്രേ. കുറ്റങ്ങളെന്താ? നമുക്കു നോക്കാം:
മര്‍ത്ത്യാകാരേണ ഗോപീവസനനിര
കവര്ന്നോരുദൈത്യാരിയെത്തന്
ചിത്തേ ബന്ധിച്ച വഞ്ചീശ്വര,
തവ നൃപനീതിക്കു തെറ്റില്ല,
പക്ഷേ പൊല്ത്താര് മാതാവിതാ
തന്കണവനെ വിടുവാ
നാശ്രയിക്കുന്നു ദാസീ
വൃത്യാ നിത്യം ഭവാനെ കനിവവളിലുദി-
ക്കൊല്ല, കാരുണ്യരാശേ!
(ഒറവങ്കര)
മര്‍ത്യാകാരേണ- മനുഷ്യനായി അവതരിച്ച് (ആള്‍മാറാട്ടം ഒന്നാമത്തെ കുറ്റം).
ഗോപീവസന കവര്‍ന്നോരു ദൈത്യാരിയെ- ഗോപികമാരുടെ വസ്ത്രം കവര്‍ന്ന (മോഷണം, രണ്ടാമത്തെ കുറ്റം). ദൈത്യാരി എന്നാല്‍ അസുരവൈരി. അസുരരെയെല്ലാം വധിച്ചില്ലേ? (മൂന്നാമത്തെ കുറ്റം , കൊലക്കുറ്റം). ഇതെല്ലാം ചെയ്ത മഹാവിഷ്ണുവിനെ അങ്ങ് തടവിലിട്ടിരിക്കുകയാണ്; എവിടെ? തന്റെ ഹൃദയത്തില്‍ തന്നെ. അതില്‍ ഒരു തെറ്റുമില്ല. അപ്പോഴോ?
പൊല്ത്താര് മാതാവിതാ (ലക്ഷ്മീദേവി) ഇതാ തന് കണവനെ വിടുവാനാശ്രയിക്കുന്നു (തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കാനാശ്രയിക്കുന്നു). എങ്ങനെ?
ദാസീവൃത്യാനിത്യം ഭവാനെ (എന്നും അങ്ങയുടെ ദാസീവൃത്തി ചെയ്ത്).
കാരുണ്യസിന്ധോ, കനിവവളിലുദിക്കൊല്ല (കാരുണ്യക്കടലേ, അവളില്‍, അതായത് , ലക്ഷ്മീദേവിയില്‍ ദയവ് തോന്നല്ലേ!
മഹാവിഷ്ണുവിങ്കല്‍ അചഞ്ചലമായ ഭക്തിയുണ്ടാക കൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് അദ്ദേഹത്തെ ഉപാസിച്ച് തന്റെ ഹൃദയത്തില്‍ത്തന്നെ പ്രതിഷ്ഠിച്ചിരിക്കയാണ്. അതിനാല്‍ ഐശ്വര്യം അദ്ദേഹത്തിന് വേണ്ടുവോളമുണ്ട്. എന്നാല്‍ ഇതില്‍ അഹങ്കരിച്ച് ഭക്തിക്ക് ഊനം വന്നാല്‍, ഐശ്വര്യം ഇല്ലാതാകും എന്ന് ഭംഗ്യന്തരേണ രാജാവിന് മുന്നറിയിപ്പു നല്‍കുകയാണ് കവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: