കൊച്ചി: മനുഷ്യവന്യജീവി സംഘര്‍ഷം അനുദിനം വര്‍ദ്ധിച്ചുവരുമ്പോള്‍ വന്യമൃഗശല്യം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ വനം വകുപ്പിന് വീഴ്ച്ച. 2014 മുതല്‍ 2020 വരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് നല്‍കിയത് 71.33 കോടി രൂപ. എന്നാല്‍ സംസ്ഥാനം ഇതുവരെ ചെലവിട്ടത് 32.74 കോടി മാത്രമെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
വനാതിര്‍ത്തികളോട് ചേര്‍ന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്ന കര്‍ഷകരാണ് വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയത്. കാട്ടുപന്നിയുടെ ശല്യം മൂലം കൃഷി ഉപേക്ഷിച്ചവര്‍ നിരവധി. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടന്നു കയറുന്നത് തടയാനും സംരക്ഷണം ഉറപ്പു വരുത്താനും കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി ഫണ്ട് നല്‍കിയിട്ടും പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ വനം വകുപ്പിന് കഴിയുന്നില്ല.
പ്രോജക്ട് എലിഫന്റ്, പ്രോജക്ട് ടൈഗര്‍, ഡെവലപ്മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുന്നത്. 60 ശതമാനം കേന്ദ്രവും, 40 ശതമാനം സംസ്ഥാനവും വഹിക്കണം. വനാതിര്‍ത്തികള്‍ സൗരോര്‍ജ വേലി, റെയില്‍ വേലി, കിടങ്ങുകള്‍ നിര്‍മ്മിക്കാനാണ് ഈ ഫണ്ട്. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കു തീറ്റയും വെള്ളവും ലഭ്യമാക്കാന്‍ വേണ്ട പദ്ധതികളും നടപ്പാക്കണം. കൂടാതെ ജനങ്ങളില്‍ വന്യമൃഗആക്രമണങ്ങളെ പറ്റി അവബോധം നടത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: