കേരളം ഇടത് ഭരിച്ചാലും വലതു ഭരിച്ചാലും കാര്യപ്രാപ്തി ഇല്ലായ്മയും കാഴ്ചപ്പാടിന്റെ ശൂന്യതയും മൂലം പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസിലൊതുങ്ങും. നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടാനില്ലാത്തപ്പോള് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നോക്കും. അങ്ങിനെ ഉയര്‍ത്തുന്നതാണ് കേന്ദ്ര അവഗണനയെന്ന രോദനം. അത് ഉയര്‍ത്തി കേന്ദ്ര വിരുദ്ധ പ്രക്ഷോഭവും വരും. പലകുറി കേരളം കണ്ടതാണിത്.
കേരളം ഭരിക്കുന്ന കക്ഷി തന്നെ കേന്ദ്രഭരണത്തിലുണ്ടായാലേ കേരളത്തിന്റെ അവകാശങ്ങള്‍ നേടാന്‍ കഴിയൂ എന്നത് കോണ്‍ഗ്രസിന്റെ ന്യായമാണ്. ദശാബ്ദങ്ങള്‍ കേന്ദ്രവും കേരളവും കോണ്‍ഗ്രസും അവരുടെ മുന്നണിയും ഭരിച്ചിട്ടും കേരളത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായിട്ടില്ല. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് കേന്ദ്രം ഭരിച്ചിട്ടും തഥൈവ. കോണ്‍ഗ്രസ് ഭരണം കേന്ദ്രത്തില്‍ ഇല്ലാതിരുന്നപ്പോഴാണ് കേരളത്തിന്റെ താല്പര്യങ്ങള്ക്ക് പരിഗണന ലഭിച്ചത്. അതില്‍ പ്രധാനപ്പെട്ടതാണ് അങ്കമാലി-ശബരി റെയില്‍പ്പാത. വാജ്പേയി സര്‍ക്കാരിന്റെ ഉദാരമായ നിലപാടിന്റെ ഭാഗമായി അംഗീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തിട്ടും മാറിമാറി വന്ന സര്‍ക്കാരുകള്‍ അതിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
20 വര്‍ഷം പിന്നിട്ടിട്ടും നടപടിയെടുക്കാതെ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിനു ഒറ്റയ്ക്കു പദ്ധതി നടപ്പിലാക്കുവാന്‍ കഴിയില്ലെന്നു കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്കു കത്തു നല്കി. അങ്കമാലി മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം കഴിഞ്ഞ സെപ്റ്റംബറില്‍ പദ്ധതി റെയില്‍വേ മരവിപ്പിച്ചത്. പദ്ധതിക്കായുള്ള സ്ഥലം റെയില്‍വേ മരവിപ്പിച്ചതോടെ ഒരിഞ്ചു ഭൂമി പോലും വില്‍ക്കാനോ വീടു നിര്‍മിക്കാനോ കഴിയാതെ ഭൂഉടമകള്‍ ദുരിതത്തിലാണ്. റെയില്‍വേ വികസനത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത നിസ്സഹകരണമാണ് പദ്ധതി നിശ്ചലമാകാന്‍ കാരണം. അതേ സമയം ശബരിപാത പ്രവര്‍ത്തനം തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരുന്നു എന്ന വാര്‍ത്ത ഒടുവില്‍ വന്നിട്ടുണ്ട്. കേന്ദ്രം നിര്‍ദ്ദേശിച്ചപ്രകാരം 50 ശതമാനം ചെലവ് വഹിക്കുമെന്നും പറയുന്നു.
ഇതോടെ പദ്ധതി ട്രാക്കില്‍ കയറുമെന്ന് പ്രതീക്ഷ ജനിപ്പിച്ചത് മറ്റൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ടേല്ല എന്ന സംശയവും ഉയരുകയാണ്. 111 കി.മീറ്ററുള്ള അങ്കമാലി – എരുമേലി നിര്‍ദിഷ്ട പാതയില്‍ ഏഴു കി.മീറ്ററാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയാണ് ശബരി പദ്ധതിക്കു സംസ്ഥാനത്തിന് വീണ്ടു വിചാരമുണ്ടാക്കിയത്.
2815 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. തുകയുടെ അമ്പതു ശതമാനമാണ് കിഫ്ബി മുഖേന പണം ലഭ്യമാക്കുക. റെയില്‍വേ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ 517 കോടി രൂപയായിരുന്നത് ഇപ്പോള്‍ 2815 കോടിയായി ഉയര്‍ന്നു. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ക്കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ശബരി റെയില്‍ പാത വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്പര്യം കാണിച്ചില്ല.
ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാകണമെന്നതില് റെയില്‍വേ ഉറച്ചു നിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
അങ്കമാലി – ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വേ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു – സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വേയും തുല്യ അനുപാതത്തില്‍ പങ്കിടണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകള്‍. അങ്കമാലി – ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഇതൊക്കെ വെറുതെയുള്ള മോഹിപ്പിക്കലല്ലെന്ന സംശയം പുതിയ നയപ്രഖ്യാപന പ്രസംഗം കേട്ടപ്പോള്‍ തോന്നുകയാണ്. രണ്ടു മണിക്കൂര്‍ 10 മിനുട്ട് എടുത്ത് വായിച്ച പ്രസംഗത്തില്‍ ശബരി റെയില്‍പാതയ്ക്ക് സ്ഥാനം ലഭിച്ചിട്ടില്ല.
അതേസമയം പ്രസംഗത്തിലെ ഗതാഗതം എന്ന ഉപതലക്കെട്ടില്‍ റെയില്‍ വികസനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. തിരുവനന്തപുരത്തേയും കാസര്‍കോടിനേയും തമ്മില്‍ സെമി ഹൈസ്പീഡ് റെയില്‍വഴി ബന്ധിപ്പിക്കുന്ന സില്‍വര്‍ ലൈന്‍, തന്റെ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണെന്നാണ് ഗവര്‍ണര്‍ വായിച്ചത്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും അലൈന്മെന്റും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതും ഭാരത സര്‍ക്കാരിന്റെ അംഗീകാരം പ്രതീക്ഷിച്ചിരിക്കുകയുമാണ്. തന്റെ സര്‍ക്കാരിന്റെ മറ്റൊരു മോഹന പദ്ധതിയായ തലശേരി-മൈസൂര്‍ ബ്രോഡ്ഗേജ് പ്രോജക്ടിന്റെ ഡിപിആര്‍ തയ്യാറാക്കല്‍ പോലുള്ള നടപടികള്‍ ഈ പദ്ധതിക്കായി തുടങ്ങിയിട്ടുണ്ടെന്നും പ്രസംഗത്തിലുണ്ട്. നാലുപതിറ്റാണ്ടായി കേള്‍ക്കുന്നതാണ് തലശ്ശേരി-മൈസൂര്‍ പാത.
തിരുവനന്തപുരം-കാസര്‍ഗോഡ് സെമി ഹൈസ്പീഡ് പദ്ധതിയെക്കുറിച്ച് 2019 ജനുവരി 25 ന് ജസ്റ്റിസ് പി. സദാശിവവും നയ പ്രസംഗത്തില്‍ വാചാലനായിരുന്നു. അതൊക്കെ ബജറ്റ് പ്രസംഗപുസ്തകത്തില് അന്ത്യവിശ്രമത്തിലാണ്. റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി ജി. സുധാകരന് പി.ടി. തോമസിന്റെ ചോദ്യത്തിന് നിയമസഭയില്‍ 2019 ഒക്ടോബര്‍ 31ന് നല്കിയ മറുപടി ഇങ്ങിനെയാണ്.
‘അങ്കമാലി-ശബരി റെയില്‍ പദ്ധതി 1997 ല്‍ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചു. 517 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പ്രസ്തുത പദ്ധതിയുടെ പുതുക്കിയ ചെലവ് 2815 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നായി 416 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായിട്ടുള്ളത്. അതിനായി റവന്യൂ വകുപ്പ് രണ്ട് സ്പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെട്ട രണ്ട് ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ‘പ്രഗതി’ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതിക്കാവശ്യമായ ഭൂമിയുടെ വിലയില്‍ ഉണ്ടായ ഭീമമായ വര്‍ധനവ് കണക്കിലെടുത്ത് ഭൂമി സൗജന്യമായി വിട്ടുതരുന്നതിനുള്ള സന്നദ്ദതയും നിര്‍മാണ ചെലവിന്റെ 50% ഏറ്റെടുക്കുന്നതിനുള്ള സമ്മതവും സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്ന മുറയ്ക്ക് ഈ പദ്ധതി ഏറ്റെടുക്കുന്നതാണെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഈ പദ്ധതി ആവിഷ്കരിച്ച വേളയിലോ പ്രഖ്യാപന സമയത്തോ പദ്ധതി വിഹിതത്തിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നോ ആവശ്യമായ ഭൂമി സൗജന്യമായി ലഭ്യമാക്കണമെന്നോ ഉള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ലായിരുന്നു.’
പാതയുടെ പരിപാലനത്തിനും നടത്തിപ്പിനും ആവശ്യമായ തുകയില്‍ നിന്ന് അധികരിച്ച് ലഭിക്കുന്ന വരുമാനം സംസ്ഥാനവും റെയില്‍വേ മന്ത്രാലയവും ആനുപാതികമായി പങ്കിടുന്നതാണെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.ഈ പദ്ധതിക്കായി കാലടിവരെയുള്ള 24.4 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ആകെ 131.6348 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുവാനുള്ളത്.കോട്ടയം ജില്ലയില്‍ അങ്കമാലി-ശബരി റെയില്‍പാതയ്ക്കായി ഭൂമിയൊന്നും ഏറ്റെടുത്തിട്ടില്ല. മീനച്ചില്‍-കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 13 വില്ലേജുകളിലൂടെ ലൈന്‍ കടന്നുപോകും. നിയമസഭയില്‍ മന്ത്രി മറുപടി നല്കി ഒന്നരവര്ഷമാകാറായിട്ടും റെയില്‍വേയ്ക്ക് പച്ചക്കൊടി നല്കാന് കേരളത്തിനായില്ല. വെറുതെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ശമ്പളവും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: