ന്യൂദല്‍ഹി: ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടത്തിയ അക്രമത്തിനിടയില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയ വിന്‍സന്റ് സേവ്യര്‍ ശശി തരൂര്‍ എംപിയുടെ സുഹൃത്താണെന്ന് മനേക ഗാന്ധിയുടെ മകനും ബിജെപി നേതാവുമായ വരുണ്‍ ഗാന്ധി.
ട്രംപ് അനുകൂലികളുടെ അക്രമത്തിനിടയില്‍ ആരോ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ സംഭവത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം വരുണ്‍ ഗാന്ധിയും ശശി തരൂരും തമ്മില്‍ ട്വിറ്ററില്‍ വാദപ്രതിവാദം നടന്നിരുന്നു. സംഭവത്തോട് പ്രതികരിച്ച് ആദ്യം വരുണ്‍ ഗാന്ധിയാണ് ട്വീറ്റ് ചെയ്തത്: ‘ഇന്ത്യ തീര്‍ച്ചയായും ഇടപെടേണ്ട ആവശ്യമില്ലാത്ത ഒരു കാര്യമായിരുന്നു ഇത്’ എന്നാണ് വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടത്.
ഉടനെ ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് തരൂര്‍ രാഷ്ട്രീയമായി ഇതിനോട് പ്രതികരിച്ചു: ‘ഭ്രാന്തന്മാരായ ട്രംപ് അനുകൂലികളെപ്പോലെ ചില ഇന്ത്യക്കാരുമുണ്ട്. അവര്‍ ഒരു അഭിമാനചിഹ്നം എന്നതിനേക്കാള്‍ ഒരു ആയുധമായി ഇന്ത്യന്‍ പതാകയെ കാണുന്നവരാണ്’ എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
മോദി വിരുദ്ധ ജെഎന്‍യു സമരത്തില്‍ ചിലര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ സംഭവംസൂചിപ്പിച്ചുകൊണ്ട് വരുണ്‍ ഗാന്ധി തിരിച്ചടിച്ചു: ‘ചിലര്‍ ദേശീയ വിരുദ്ധ പ്രതിഷേധസമരത്തില്‍ (ജെഎന്‍യു സമരം) ഇന്ത്യന്‍ പതാക ദുരുപയോഗം ചെയ്തിരുന്നു. പതാക അഭിമാന ചിഹ്നമാണ് നമുക്ക്.’
അധികം വൈകാതെ വരുണ്‍ ഗാന്ധിയുടെ മറ്റൊരു പ്രതികരണം കൂടി വന്നു- ഇതില്‍ ശശി തരൂരും യുഎസിലെ ക്യാപിറ്റോള്‍ ഹില്ലില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ വിന്‍സന്റ് ജോര്‍ജ്ജും 2015ല്‍ അടുത്തടുത്തിരിക്കുന്ന ചിത്രം കൂടി നല്കിക്കൊണ്ടായിരുന്നു വരുണിന്റെ ട്വീറ്റ്: ‘പ്രിയ ശശിതരൂര്‍, ഇപ്പോള്‍ താങ്കള്‍ക്ക് മനസ്സിലായിക്കാണും ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ആ ഭ്രാന്തന് താങ്കളുടെ അടുത്ത സുഹൃത്താണെന്ന്. താങ്കളും താങ്കളുടെ സുഹൃത്തും ഈ ബഹളത്തില്‍ നിശ്ശബ്ദരല്ലെന്ന് മനസ്സിലായി’.
വരുണ്‍ ഗാന്ധിയുടെ ഈ പ്രതികരണത്തോട് ശശി തരൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: