പെരുങ്കടവിള (തിരുവനന്തപുരം): സോളാര്‍ കേസ് പ്രതി സരിതയും സംഘവും ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുകയും വ്യാജനിയമന ഉത്തരവുകള്‍ തയാറാക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാതെ സംരക്ഷിച്ച് പോലീസ്. തട്ടിപ്പില്‍ കൂട്ടാളിയായ ഇടതു പഞ്ചായത്തംഗം ടി. രതീഷ് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇയാളെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയാറായിരുന്നില്ല. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തുള്ള കേസില്‍ അറസ്റ്റു ഭയന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇയാള്‍ എത്തിയിരുന്നില്ല. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡില്‍ നിന്നാണ് ഇയാള്‍ മത്സരിച്ചത്.
ബെവ്കോ, കെടിഡിസി, ദേവസ്വം ബോര്‍ഡ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് സരിതയും ഇടനിലക്കാരും ചേര്‍ന്ന് പണം തട്ടിയതെന്നാണ് പരാതി. പണം നഷ്ടമായ രണ്ടു പേര് മാത്രമാണ് പരാതിയുമായി ഇതുവരെ നെയ്യാറ്റിന്‍കര പൊലീസിനെ സമീപിച്ചത്. പണം തിരികെ നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെത്തുടര്‍ന്നാണ് കേസ് നല്‍കിയതെന്നാണ് നെയ്യാറ്റിന്‍കര സ്വദേശികള്‍ പോലീസിന് നല്കിയ മൊഴി. മറ്റൊരു പ്രതി ഷൈജുവിനും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് പരാതിക്കാര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഷാജു പാലിയോട് മത്സരിച്ചിട്ടുണ്ട്. തന്റെ സഹായിയായ വിനുവിന്റെ പേരില്‍ എടുത്ത സിം നമ്പറില്‍ നിന്നും മറ്റൊരു നമ്പറില്‍ നിന്നും സരിത ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ചിരുന്നു. ഈ കോളുകള്‍ റെക്കോഡ് ചെയ്ത് പരാതിക്കാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
തിരുപുറം സ്വദേശി എസ്.എസ്. അരുണ്‍ നെയ്യാറ്റിന്‍കര പോലീസിനു നല്കിയ മൊഴിയിലാണ് സരിതയുടെ തട്ടിപ്പിന്റെ വിവരങ്ങളുള്ളത്. തന്റെ സഹോദരന് ആദര്‍ശിന് സ്റ്റോര്‍ അസിസ്റ്റന്റ് ജോലിക്ക് രതീഷ് 15 ലക്ഷം ആവശ്യപ്പെട്ടെന്നും മറ്റ് രണ്ടു പേരുടെ നിയമന ഉത്തരവ് കാട്ടി നാലു ലക്ഷം വാങ്ങിയെന്നുമാണ് അരുണിന്റെ മൊഴി.
ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായെങ്കിലും രണ്ടുപേരാണ് പരാതിപ്പെട്ടത്. സരിതയെയും ഇടതു അംഗത്തെയും പ്രതികളാക്കി കേസെടുത്തെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാത്തത് ഉന്നത രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും പണം നല്കി കേസൊതുക്കാനുള്ള പ്രതികളുടെ ശ്രമങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നുമാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: