തൃശൂര്‍: പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങിയപ്പോള്‍ സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഏകോപന ചുമതലയുള്ള പോലീസും കൈമലര്‍ത്തുന്നു. സ്ത്രീ സുരക്ഷയ്ക്കായി പോലീസ് ആവിഷ്കരിച്ചിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളെല്ലാം നിശ്ചലം. സ്ത്രീ സുരക്ഷയ്ക്കായി പോലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകളായ രക്ഷ, പോലീസ് അറ്റ് യുവര്‍ കോള്‍, കെയര്‍ ലൈഫ് തുടങ്ങിയ ആപ്പുകളാണ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ഒറ്റയ്ക്ക് പുറത്തിറങ്ങുമ്പോഴും രാത്രി സഞ്ചരിക്കുമ്പോഴും സ്ത്രീകള്‍ക്ക് തുണയാവാന്‍ രൂപീകരിച്ചതാണ് ‘രക്ഷ’ മൊബൈല്‍ ആപ്പ്.
എസ്എച്ച്ഒമാര്‍ മുതല്‍ ഡിജിപി വരെയുള്ളവരുടെ ഫോണ്‍ നമ്പര്‍ ഇതിലുണ്ട്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രം, രജിസ്ട്രേഷന് നമ്പര്‍ മുതലായവ കണ്ട്രോള് റൂമിലേക്ക് അയയ്ക്കാം. അപകടസാഹചര്യങ്ങളില്‍ നമ്പര്‍ ഡയല് ചെയ്യാതെ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ അടിയന്തര സന്ദേശം കണ്ട്രോള് റൂമിലെത്തുന്നതാണ് രക്ഷാ ആപ്പ്. രണ്ടാമതിറക്കിയ പോലീസ് അറ്റ് യുവര്‍ കോള്‍ ആപ്പും നിശ്ചലമായി. അത്യാവശ്യ സാഹചര്യങ്ങളില്‍ പോലീസിന്റെ സഹായം വേണമെന്ന് തോന്നിയാല്‍ പോലീസ് സ്റ്റേഷന് വേഗത്തില്‍ കണ്ടെത്തുന്നതിനു സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. സ്റ്റേഷനിലേക്ക് എത്തുന്നതിനുള്ള വഴിയുള്‍പ്പെടെ ആപ്പിലുണ്ട്. സ്റ്റേഷനിലെയും
കണ്ട്രോള് റൂമിലെയും മൊബൈല്‍ നമ്പറുകളും ലഭിക്കും. മൂന്നാമത്തെ ആപ്പായ കെയര്ലൈഫും നിശ്ചലം. ശബ്ദമുപയോഗിച്ച് അപായ സൂചന നല്കാന് കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് കെയര്‍ലൈഫ്. രണ്ട് തവണ ‘ഹെല്പ്’ എന്നു പറഞ്ഞാല്‍ പ്രവര്‍ത്തിക്കും. ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമില്ല. ഏറെ കൊട്ടിഗ്ഘോഷിച്ചാണ് മൂന്ന് ആപ്പുകളും പോലീസ് പുറത്തിറക്കിയത്. എന്നാല്‍ ആദ്യ മാസങ്ങളില്‍ മാത്രമാണ് ഇതെല്ലാം പ്രവര്‍ത്തിച്ചത്. പിന്നീട് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.
എന്നാല്‍, സ്ത്രീ സുരക്ഷയുടെ പേരില്‍ നിരവധി വ്യാജ പ്രചാരണങ്ങളും സജീവമാകുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് ഷെയര്‍ ചെയ്ത ഒരു സന്ദേശമായിരുന്നു പോലീസ് ഫ്രീ റൈഡ് സ്കീം പദ്ധതി. കേരള പോലീസ് ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും കേരള പോലീസ് സ്റ്റേറ്റ് മീഡിയ സെന്റര്‍ അറിയിച്ചു. രാത്രി കാലങ്ങളില്‍ ഒറ്റപ്പെട്ടുപോവുന്ന സ്ത്രീകള്‍ക്ക് വേണ്ടി വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 1091, 7837018555 എന്നീ നമ്പറുകളില്‍ വിളിച്ച് പോലീസ് വാഹനം ആവശ്യപ്പെടാമെന്ന പദ്ധതിയാണ് പോലീസ് ഫ്രീ റൈഡ് സ്കീം പദ്ധതിയെന്നാണ് വ്യാജ പ്രചാരണം.
കണ്ട്രോള് റൂം വാഹനങ്ങളോ, പിസിആര്‍, ഷീ വാഹനങ്ങളോ നിങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്. സ്ത്രീകള്‍ക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്കോള് നല്‍കുകയോ, ബ്ലാങ്ക് മെസേജ് നല്‍കുകയോ ചെയ്യാം. ഇത് പോലീസിന് നിങ്ങളുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ ഉപകരിക്കും. നിങ്ങള്‍ക്ക് അറിയാവുന്ന സ്ത്രീകള്‍ക്കല്ലാം ഈ വിവരം കൈമാറുക എന്നിങ്ങനെയുള്ള സന്ദേശം ഫേസ്ബുക്കിലും വാട്സ്ആപ്പിലുമാണ് വ്യാപകമായി പ്രചരിച്ചത്. സന്ദേശത്തിലാവട്ടെ കേരള പോലീസ് എന്ന് അടിയിലായി എഴുതിയിട്ടുണ്ട്. ഇത് വ്യാജ പ്രചാരണമാണെന്നും ഈ സന്ദേശത്തില്‍ ആരും വഞ്ചിതരാകരുതെന്നും അവശ്യഘട്ടങ്ങളില്‍ സഹായത്തിന് 112 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്നും പോലീസ് അറിയിച്ചു. അതേസമയം, വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനോ പ്രചരിപ്പിക്കുന്നവരെ തടയാനോ പോലീസിന് കഴിയുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: