ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയുള്ള ലൈഫ് മിഷന് പദ്ധതി പ്രകാരം 156 കുടുംബങ്ങള്‍ക്കായി പറവൂരില്‍ ഫ്ളാറ്റ് സമുച്ചയം ഉയരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാട്ടര്‍ വര്‍ക്സിനു സമീപത്തെ 2.15 ഏക്കറിലാണ് ലൈഫ് ഭവന പദ്ധതിയില്‍ ഫ്ലാറ്റ് ഉയര്‍ന്നു പൊങ്ങുന്നത്.
ഏഴു നിലകളില്‍ 78 വീതം ഫ്ലാറ്റ് യൂണിറ്റുകളുള്ള രണ്ട് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണത്തിനാണ് പുന്നപ്രയില്‍ തുടക്കം കുറിച്ചത്. പ്രി- ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണച്ചെലവ് 35 കോടി രൂപയാണ്. ഓരോ കുടുംബത്തിനുമുള്ള ഫ്ലാറ്റ് യൂണിറ്റുകള്‍ക്ക് 22 ലക്ഷം രൂപയോളം ചെലവ് വരും. 5000 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള രണ്ട് ബ്ലോക്കുകളിലായി ആകെ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫ്ലാറ്റാണ് നിര്‍മ്മിക്കുക.
തുടര്‍ച്ചയായി പ്രവര്‍ത്തി നടന്നാല്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ഫ്ളാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്ന് ലൈഫ് മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.പി ഉദയ സിംഹന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: