കണ്ണൂര്‍: പ്ലസ്ടു കോഴ ആരോപണ കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ കെ.എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്കാണ് കെ.എം. ഷാജി ചോദ്യം ചെയ്യലിനായി വിജിലന്‍സ് ഡിവൈഎസ്പി ബാബുപെരിങ്ങോത്തിന് മുമ്പാകെ ഹാജരായത്.
അഴീക്കോട് സ്കൂളില്‍ പ്ലസ്ടൂ അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. കേസില്‍ 17 പേരുടെ മൊഴി വിജിലന്‍സ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. എംഎല്‍എയെ ആദ്യമായാണ് വിളിപ്പിക്കുന്നത്. പരാതിക്കാരായ കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും സി..പി.. എം നേതാവുമായ കുടുവന്‍ പത്മനാഭന്, മുന്‍ലീഗ് നേതാവ് നൗഷാദ് പൂതപ്പാറ എന്നിവരില്‍ നിന്നു കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം നേരത്തെ മൊഴിയെടുത്തിരുന്നു. കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കിയ കുടുവന്‍ പത്മനാഭനില്‍ നിന്നാണ് ആദ്യം മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയുടെ മൊഴിയും രേഖപ്പെടുത്തി. സ്കൂള്‍ മാനേജര്‍ അടക്കമുള്ളവരുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.
അഴീക്കോട് ഹൈസ്കൂളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സ് അുവദിച്ചതിന് കെ.എം. ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കോഴ വാങ്ങിയതായി സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കിയതായി വിജിലന്‍സ് പറയുന്നു. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കെ.എം ഷാജിയ്ക്കെതിരെ കേസ്. വിജിലന്‍സിന്റെ കണ്ണൂര്‍ യൂണിറ്റിന് പുറമെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കോഴിക്കോട് യൂണിറ്റും കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
കെ.എം. ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് പറഞ്ഞു. പല കാര്യങ്ങളിലും വ്യക്തത വരുത്താനുണ്ടെന്നും ലീഗിലെ ചില സംസ്ഥാന-ജില്ലാ നേതാക്കളേയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനുണ്ട്. വരവു ചെലവു കണക്കുകള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: