സിഡ്നി: അരങ്ങേറ്റക്കാരനായ ഓപ്പണര്‍ വില്‍ പുകോവ്സ്കിയുടെയും മാര്‍നസ് ലാബുഷെയ്നിന്റെ ശക്തമായ ചെറുത്തുനില്‍പ്പും പരിചയസമ്പന്നനായ സ്റ്റീവ് സ്മിത്തിന്റെ നിശ്്ചയദാര്ഢ്യത്തോടെയുള്ള ബാറ്റിങ്ങും ഓസ്ട്രേലിയയെ കരകയറ്റി. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ രണ്ട് വിക്കറ്റിന് 166 റണ്‍സ് എടുത്തു. മഴയെ തുടര്‍ന്ന് ആദ്യ ദിനത്തില്‍ അമ്പത്തിയഞ്ച് ഓവര്‍ മാത്രമാണ് കളി നടന്നത്.
പുകോവ്സ്കി അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി കുറിച്ചാണ് മടങ്ങിയത്. സ്റ്റെമ്പെടുക്കുമ്പോള്‍ ലാബുഷെയ്നും (67) സ്റ്റീവ് സ്മിത്തും (31) പുറത്താകാതെ നില്‍ക്കുകയാണ്.
ഈ പരമ്പരയില്‍ ഇതാദ്യമായി കളിക്കാനിറങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (5) തുടക്കത്തില്‍ തന്നെ കൂടാരം കയറ്റി പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യക്ക്് മികച്ച തുടക്കം നല്കി. പക്ഷെ പുതുമുഖം പുകോവ്സ്കി മാര്‍നസ് ലാബുഷെയ്നൊപ്പം പിടിച്ചുനിന്നതോടെ ഓസ്ട്രേലിയ കരകയറി. രണ്ടാം വിക്കറ്റില്‍ പുകോവ്സിയും ലാബുഷെയ്നും നൂറ് റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അര്‍ധ സെഞ്ചുറി കടന്ന പുകോവ്സ്കിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി നവ്ദീപ് സെയ്നിയാണ് ഈ പാര്‍ട്ടനര്‍ഷിപ്പ് പൊളിച്ചത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സെയ്നിയുടെ ആദ്യ വിക്കറ്റാണിത്. 110 പന്ത് നേരിട്ട പുകോവ്സി നാല് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 62 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.
തുടര്‍ന്നെത്തിയ സ്റ്റീവ് സ്മിത്തും ലാബുഷെയ്ന് മികച്ച പിന്തുണ നല്കി. അഭേദ്യമായ മൂന്നാം വിക്കറ്റിന് ഇവര്‍ അറുപത് റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. ലാബുഷെയ്ന് 149 പന്തില്‍ എട്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 67 റണ്‍സുമായി അജയ്യനായി നില്‍ക്കുകയാണ്. 64 പന്തില്‍ അഞ്ചു ബൗണ്ടറിയുടെ മികവില്‍ 31 റണ്‍സുമായി സ്മിത്തും പുറത്താകാതെ നില്‍ക്കുകയാണ്.
ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് നാലാം ഓവറില്‍ തന്നെ വാര്‍ണറെ നഷ്ടമായി. പരിക്കിനെ തുടര്‍ന്ന്് ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും വിട്ടു നിന്ന വാര്‍ണര്‍ക്ക് അഞ്ചു റണ്‍സേ നേടാനായുള്ളൂ. മുഹമ്മദ്് സിറാജിന്റെ പന്തില്‍ പൂജാര വാര്‍ണറെ പിടികൂടി. തുടര്‍ന്ന് എട്ടാം ഓവറിനിടെ മഴ എത്തി. ഉച്ചഭക്ഷണത്തിനുശേഷമാണ് കളി പുനരാരംഭിച്ചത്.
രണ്ടാം ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മയേയും പേസര്‍ ഉമേഷ് യാദവിന് പകരം നവ്ദീപ് സെയ്നിയേും ഉള്‍പ്പെടുത്തി. സെയ്നിയുടെ അരങ്ങേറ്റ ടെസ്റ്റാണിത്. ഓസ്ട്രേലയയും രണ്ട് മാറ്റം വരുത്തി. പരിക്കില്‍ നിന്ന് മോചിതനായ ഡേവിഡ് വാര്‍ണറെയും പുതുമുഖം ഓപ്പണര്‍ വില്‍ പുകോവ്സ്കിയേയും പ്ലേയിങ് ഇലവനില്‍ സ്ഥാനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: