അമേരിക്കന്‍ പാര്‍ലമെന്റായ സെനറ്റും ജനപ്രതിനിധിസഭയും ചേരുന്ന കാപ്പിറ്റോളിലേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിക്കുന്ന അക്രമാസക്തരായ ആയിരക്കണക്കിന് റിപ്പബ്ലിക്കന്‍ പാര്ട്ടിക്കാര് ഇരച്ചു കയറിയത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അക്രമികളില്‍നിന്ന് രക്ഷപ്പെടുത്താന്‍ പാര്‍ലമെന്റംഗങ്ങളെ ഭൂഗര്‍ഭ മാര്‍ഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നറിയുമ്പോള് വെറും പ്രതിഷേധമല്ല, യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തം. സാധാരണ നിലയില്‍ യുദ്ധവും ഭീകരാക്രമണവും മറ്റുമുണ്ടായാല്‍ ഉപയോഗിക്കുന്നതിനാണ് ഈ ഭൂഗര്‍ഭ തുരങ്കം. അക്രമികളെ ചെറുക്കാന്‍ സുരക്ഷാഭടന്മാര് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചതായാണ് ആദ്യ വിവരം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നു. ഇതില്‍നിന്നുതന്നെ കാപ്പിറ്റോളില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു കലാപമായിരുന്നു എന്നുറപ്പിക്കാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഓഫീസില്‍നിന്ന് പൈപ്പു ബോംബുവരെ കണ്ടെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ ഇതിന് തെളിവാണ്. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസ്സിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ സംഘടിതമായി അക്രമം നടത്തിയത്. അമേരിക്കയുടെ പ്രതിച്ഛായയ്ക്ക് ഈ സംഭവം വലിയ തോതില്‍ മങ്ങലേല്‍പ്പിച്ചിരിക്കുന്നു. അടിമത്തം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ആഭ്യന്തര കലാപത്തിന്റെ മുറിപ്പാടുകള്‍ അമേരിക്കക്കാരില്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന വസ്തുത മറക്കാവുന്നതല്ല.
ഇത് പ്രതിഷേധമല്ല, കലാപമാണെന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകളില്‍ ജനാധിപത്യപരമായി ചിന്തിക്കുന്ന അമേരിക്കക്കാരുടെ മുഴുവന്‍ ആശങ്കയും പ്രതിധ്വനിക്കുന്നുണ്ട്. അതേസമയം, സ്വന്തം പാര്‍ട്ടിക്കാരെ അക്രമികളായി കാണാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറല്ല. തങ്ങള്‍ക്ക് ലഭിക്കേണ്ട തെരഞ്ഞെടുപ്പ് വിജയം കൃത്രിമം നടത്തി ഡമോക്രാറ്റുകള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിക്കുകയാണ്. ഇതിന്റെ ക്ലൈമാക്സാണ് കാപ്പിറ്റോള്‍ കലാപത്തില്‍ കണ്ടത്. ഇവിടെ അരങ്ങേറിയ സംഭവവികാസങ്ങളോട് ലോക രാജ്യങ്ങള്‍ അവിശ്വാസത്തോടെയാണ് പ്രതികരിച്ചത്. കടുത്ത വാക്കുകളുപയോഗിച്ച അവര്‍, ഇത് അമേരിക്കയല്ലെന്നുവരെ പറഞ്ഞുവച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ഏറ്റവും ശ്രദ്ധേയമാണ്. കലാപത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നതാണെന്നും, നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ലെന്നുമുള്ള മോദിയുടെ വാക്കുകളില്‍ ഭാരതത്തിന്റെ സന്ദേശമുണ്ട്. സമാധാനപരമായ അധികാര കൈമാറ്റം നിര്‍ബന്ധമായും നടക്കേണ്ടതുണ്ട് എന്ന് മോദിയെപ്പോലെ മറ്റ് പല രാഷ്ട്രത്തലവന്മാരും പറയുന്നിടത്താണ് അമേരിക്കയിലെ ഇപ്പോഴത്തെ ഭരണ പ്രതിസന്ധിയുടെ പരിഹാരം കിടക്കുന്നത്.
കാപ്പിറ്റോളിലെ കലാപം രാജ്യത്തിന് അപമാനകരമാണെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണത്തില്‍ ഇപ്പോഴത്തെ അമേരിക്കയുടെ നേര്‍ച്ചിത്രമുണ്ട്. ലോകത്ത് സ്വേച്ഛാധിപത്യപരമായി പെരുമാറുമെങ്കിലും അമേരിക്കന്‍ ജനാധിപത്യം വളരെ ശക്തമാണെന്ന ധാരണയാണ് പൊതുവെയുള്ളത്. റിപ്പബ്ലിക്കന്‍-ഡമോക്രാറ്റിക് പാര്‍ട്ടികളിലായി വേര്‍തിരിഞ്ഞു നില്‍ക്കുന്നതാണ് ആ രാജ്യത്തെ രാഷ്ട്രീയമെങ്കിലും രാജ്യത്തെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളില്‍ ഇരുവരും ഒറ്റക്കെട്ടാവാറുണ്ട്. രണ്ട് പക്ഷവും മാറി മാറി ഭരണം നടത്തിയ പതിറ്റാണ്ടുകളുടെ ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. ഒരിക്കല്‍പ്പോലും അധികാര കൈമാറ്റത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തേതുപോലുള്ള തര്‍ക്കവും പ്രതിസന്ധിയും ഉടലെടുത്തിട്ടില്ല. ഇതൊരു പഴങ്കഥയായി മാറുമോ, ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അപവാദമായി മാത്രം കണക്കിലെടുത്താല്‍ മതിയോ എന്നതാണ് നിര്‍ണായകം. ഒരു കാര്യം ഉറപ്പാണ്. കാപ്പിറ്റോള്‍ കലാപം അമേരിക്കന്‍ ജനാധിപത്യത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. സ്വാഭാവികമായ അധികാര കൈമാറ്റത്തിന് തടസ്സം നിന്ന ട്രംപ് ഒടുവില്‍ പരാജയം സമ്മതിച്ചിരിക്കുകയാണ്. ബൈഡന്റെ വിജയം യുഎസ് കോണ്‍ഗ്രസ്സ് അംഗീകരിക്കുകയും ചെയ്തു. ട്രംപിനെ അപേക്ഷിച്ച് പരിണതപ്രജ്ഞനാണ് ജോ ബൈഡന്. പ്രസിഡന്റ് പദവിയിലെത്തുന്ന ബൈഡന് പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: