കഴിഞ്ഞ മെയ് മാസത്തില്‍ കേരള ആരോഗ്യമന്ത്രിയെ പുകഴ്‌ത്തി വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെ അന്താരാഷ്ട മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത് ആഘോഷമാക്കിയിരുന്നു. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ ലോകം അംഗീകരിച്ചിരിക്കുന്നുവെന്ന രീതിയിലായിരുന്നു പ്രചരണം. കേരള മാതൃക എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല സിപിഎം സൈബര്‍ സംഘവും പാടി നടന്നു. മഹാരാഷ്‌ട്രയിലും തമിഴ്നാട്ടിലും ദല്‍ഹിയിലും കോവിഡ് കുതിച്ചുയരുമ്പോഴായിരുന്നു ഇത്. സായാഹ്ന പത്രസമ്മേളനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലെ രോഗികളുടെ പട്ടിക വായിച്ചായിരുന്നു മുഖ്യമന്ത്രി കേരളത്തെ ഒന്നാമനാക്കി കൊണ്ടിരുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ അന്ന് 17-ാം സ്ഥാനത്തായിരുന്നു അന്ന് കേരളം. അസം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കുറവ് രോഗികളായിരുന്നു ഉണ്ടായിരുന്നത് എന്നത് മറച്ചു വെച്ചായിരുന്നു കേരളം ലോകത്തിനു മാതൃക എന്ന് പാടി നടന്നത്.
ലോക പ്രശസ്തമായ ടൈംസ് മാഗസിന്റെ ഡിസംബര്‍ ലക്കത്തില്‍ കോവിഡ് പ്രതിരോധത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് മൂന്ന് പേജ് ലേഖനമാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ലേഖനം.
അന്താരാഷ്‌ട്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത് ‘പെയ്ഡ്’, ‘സ്പോണ്‍സേര്‍ഡ്’ എന്നൊക്കെ പറഞ്ഞ് ഗൗനിക്കാതിരിക്കാം. എന്നാല്‍ കേരള ആരോഗ്യമന്ത്രിയെക്കുറിച്ച് വാര്‍ത്തവന്ന മെയ് മാസത്തേയും യുപി മുഖ്യമന്ത്രിയെക്കുറിച്ച് വാര്‍ത്ത വന്ന ഡിസംബറിലേയും രാജ്യത്തെ കോവിഡ് രോഗത്തിന്റെ കണക്ക് ഗൗനിക്കാതിരിക്കാനാവില്ല.
മെയ് 30 ലെ കണക്കനുസ്സരിച്ച് 62,228 രോഗികളും 2098 മരണങ്ങളും ആയി മഹാരാഷ്‌ട്രയായിരുന്നു മുന്നില്‍. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 20,246 രോഗികളുമായി രണ്ടാമതായിരുന്നു. മരണത്തിന്റെ കാര്യത്തില്‍ ഗുജറാത്തായിരുന്നു(980) രണ്ടാമത്. ഇതൊക്കെ വെച്ചായിരുന്നു മുഖ്യമന്ത്രി അഭിമാനം കൊണ്ടിരുന്നത്. ജനസംഖ്യയില്‍ ഒന്നാമതു നില്‍ക്കുന്ന ഉത്തര്‍പ്രദേശ് രോഗികളുടെ കാര്യത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു.
ഡിസംബര്‍ 30 ലെ കണക്കെടുത്താലും ആകെ രോഗം വന്നവരുടെ കാര്യത്തില്‍ മഹാരാഷ്‌ട്രതന്നെയാണ് (19,25,066) ഒന്നാമത്. കേരളം അഞ്ചാം സ്ഥാനത്തെത്തി. 17ല്‍ നിന്ന് 5 ലേക്ക് ‘മുന്നേറി’. 7,49,450 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് രോഗം പിടിപെട്ടത്. ദല്‍ഹിയും യുപിയും ഗുജറാത്തും ഒക്കെ കേരളത്തേക്കാള്‍ പിന്നില്‍.
പ്രതിദിന രോഗികളുടെ കാര്യത്തിലും ആക്ടീവ് രോഗികളുടെ എണ്ണത്തിലും കേരളം ഒന്നാമതാണ് എന്നതാണ് ഏറെ ശ്രദ്ധേയം. മറ്റ് സംസ്ഥാനങ്ങള്‍ രോഗത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഏറെ മുന്നേറിയപ്പോള്‍ കേരളം വളരെ പിന്നിലേക്ക് പോയി എന്നതിന്റെ വ്യക്തമായ തെളിവാണിത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം ചെല്ലുമ്പോഴും ക്രമമായി കുറയുമ്പോള്‍ കേരളത്തില്‍ മറിച്ചാണ്. കഴിഞ്ഞ കുറേ നാളുകളായി കേരളം വളരെ ഉയര്‍ന്ന പ്രതിദിന പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ച 35,038 പുതിയ കേസുകള്‍ രേഖപ്പെടുത്തി. പ്രതിദിനം അയ്യായിരത്തോളം പുതിയ കേസുകള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നു.
മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തില്‍ ഇതുവരെ ഏഴര ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചെങ്കില്‍ 24 കോടി ജനങ്ങളുള്ള യുപിയില്‍ അഞ്ചര ലക്ഷം പേര്‍ക്കുമാത്രമാണ് കോവിഡ് വന്നത്. നിലവില്‍ ആക്ടീവ് കേസുകള്‍ വെറും 14,344 ഉം. കേരളത്തിലെ ആരോഗ്യമേഖലയിലെ മികവിനെക്കിറിച്ച് വീമ്പിളക്കുകയും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ പോലും ഇല്ലന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ കണ്ണു തുറക്കേണ്ടതാണ് ഈ താരതമ്യ കണക്ക്. കോവിഡ് കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം രാജ്യത്ത് നമ്പര്‍ വണ്ണായി മാറിയ സാഹചര്യത്തില്‍ കേന്ദ്രം ഇടപെടുകയാണ്.
കേരളത്തിലേക്ക് പ്രത്യേക കേന്ദ്രസംഘത്തെ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ്. കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കേരളത്തിലേക്ക് വിന്യസിക്കുക. സംഘം വെള്ളിയാഴ്ച സംസ്ഥാനത്തെത്തും.കോവിഡ് കൈകാര്യം ചെയ്യുന്നതിലെ കേരള സര്‍ക്കാറിന്റെ പൊതുജനാരോഗ്യ ഇടപെടലുകള്‍ അവലോകനം ചെയ്യുകയും ഈ നടപടികളില്‍ സംസ്ഥാന ആരോഗ്യ അധികാരികളെ പിന്തുണയ്‌ക്കുകയും ചെയ്യും.
സംഘം സംസ്ഥാന അധികാരികളുമായി സംവദിക്കുകയും അവര്‍ നേരിടുന്ന വെല്ലുവിളികളെയും പ്രശ്നങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുകയും ചെയ്യും.കേരളത്തിന്റെ പിടിപ്പുകേടിന്റെ നേര്‍ചിത്രമാണ് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പിലെ ഉന്നതരുടെ വരവ്. കേരള മാതൃക എന്ന പൊള്ള പ്രചാരണത്തിന്റെ പരാജയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: