തിരുവനന്തപുരം: സര്‍വ ചരാചരങ്ങള്‍ക്കും വേണ്ടി ജീവിതം കവിതയാക്കി മാറ്റിയ ഒരാളാണ് സുഗതകുമാരിയെന്ന് ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. ഒരു പാട് സങ്കടങ്ങളിലൂടെയാണ് സുഗതകുമാരി കടന്നു വന്നത് അവരുടെ സങ്കടങ്ങള്‍ മുഴുവനും മറ്റുള്ളവരുടെ ദു:ഖങ്ങള്‍ ഊതിക്കെടുത്താന്‍ ഉപയോഗിച്ചു. ബാലഗോകുലം തിരുവനന്തപുരം സംഘടിപ്പിച്ച സുഗതകുമാരിക്ക് അശ്രുപൂജ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുറിവേറ്റവര്‍ക്കു വേണ്ടി നിലകൊണ്ട കവയിത്രിയാണ് സുഗതകുമാരിയെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ പറഞ്ഞു. അവരുടെ കവിതകളില്‍ കാരുണ്യ ഭാവം നിറഞ്ഞു നില്ക്കുന്നതു കാണാന്‍ കഴിയും. കര്‍മ്മത്തെ കവിതയാക്കിയ വിശിഷ്ട വ്യക്തിത്വമാണ് സുഗതകുമാരി. സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും കുട്ടികള്‍ക്കു വേണ്ടിയും കവിതയെഴുതുക മാത്രമല്ല. അവര്‍ക്കു വേണ്ടി സമരമുഖങ്ങളില്‍ മുന്നിട്ടിറങ്ങുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ത്രിമധുരം എന്ന പുസ്തകം ബാലഗോകുലത്തിനായി എഴുതി സമര് പ്പിച്ച സുഗതകുമാരി ബാലഗോകുലം പ്രവര്‍ത്തനങ്ങളില്‍ എന്നും ഒപ്പമുണ്ടായിരുന്നുവെന്ന് ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി അംഗം ഡി. നാരായണ ശര്‍മ്മ അനുസ്മരിച്ചു.
തിരുവനന്തപുരം മേഖല അധ്യക്ഷന്‍ പി.നാരായണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍, ബാബു കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: