ശ്രീ നാരായണ ഗുരദേവന് സൃഷ്ടിച്ച നവോത്ഥാനത്തിന്റെ തേരേറി അധികാര രാഷ്ട്രീയം കയ്യടിക്കയവരാണ് കേരളത്തിലെ ഇടതു പക്ഷക്കാര്‍. പക്ഷേ അവര്‍ ഏറ്റവും കൂടുതല്‍ നന്ദികേട് കാണിച്ചിട്ടുള്ളതും ഗുരുദേവനോടാണ്. എല്ലാത്തിലും എന്നത് പോലെ ഇക്കാര്യത്തിലും കമ്മ്യൂണിസ്റ്റുകളുടെ മാര്‍ഗ്ഗ ദര്‍ശി ഇഎംഎസ് ആണ്. ഗുരുദേവനെ ദുര്‍വ്യാഖ്യാനം ചെയ്ത് തുടങ്ങിയ ഇ.എം.എസ് അവസാനം ഗുരുദേവ ദര്‍ശനങ്ങളെ തള്ളിപ്പറഞ്ഞു. പില്ക്കാലത്ത് അണികള്‍ അദ്ദേഹത്തിന്റെ സ്മാരകങ്ങള്‍ തല്ലി തകര്‍ത്തു. ഒടുവില്‍ കുരിശിലേറ്റി തെരുവില്‍ വലിച്ചിഴച്ചു. ഇ.എം.എസിന് ഗുരുദേവന് വെറും ‘ശ്രീനാരായണന്’ മാത്രമായിരുന്നു. ഗുരുദേവനെയും എസ്.എന്‍.ഡി.പി യോഗത്തെയും അവഗണിച്ചാണ് ഇ.എം.എസിന്റെ ചരിത്ര നിഷേധം തുടങ്ങുന്നത്. ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം’, ‘കേരളം മലയാളികളുടെ മാതൃഭൂമി’, ‘കേരള ചരിത്രവും സംസ്കാരവും’ തുടങ്ങിയ രചനകളിലൊന്നിലും ഗുരുദേവനും അയ്യന്‍കാളിയുമൊക്കെ നയിച്ച നവോത്ഥാനത്തെ പ്രകീര്‍ത്തിച്ചില്ലെന്ന് മാത്രമല്ല കിട്ടിയ അവസരത്തിലൊക്കെ ഇകഴ്ത്തുകയും ചെയ്തു.
‘ഹൈന്ദവ സമൂഹത്തെയും സംസ്കാരത്തെയും ബൂര്‍ഷ്വാ രീതിയില്‍ നവീകരിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ ജ്യോതിബാ ഫുലെയുടെയും, കേരളത്തിലെ ശ്രീനാരായണന്റെ പ്രസ്ഥാനത്തെയും വിലയിരുത്തേണ്ടത്'(ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം, പേജ് 174) എന്നായിരുന്നു ഇ.എം.എസിന് എസ്.എന്‍.ഡി.പി യോഗത്തിന്റെ പരിഷ്കരണ ശ്രമങ്ങളെപ്പറ്റിയുള്ള അഭിപ്രായം.
ഇന്ത്യന്‍ സമൂഹത്തെ സമഗ്രമായി സ്വാധീനിച്ച ഗുരുദേവനെ വെറും ഈഴവ ഗുരുവായി മാത്രം കാണാനായിരുന്നു ഇ.എം.എസിന്റെ താത്പര്യം. ഗുരുദേവ ദര്‍ശനങ്ങള്‍ പരാജയമാണെന്നും ഈഴവ സമൂഹം പോലും അതിനെ കാര്യമായെടുക്കുന്നില്ലെന്നും ഇ.എം.എസ് അവകാശപ്പെട്ടിട്ടുണ്ട്. ‘ശ്രീനാരായണനെ തുടര്‍ന്ന് വന്ന സന്യാസിമാരും ചുരുക്കം ചില മതഭക്തന്മാരുമൊഴിച്ച് ഈഴവരില്‍ തന്നെ അധികമാരും സ്വാമികളുടെ സന്യാസ ജീവിതത്തെ ആദര്‍ശമായെടുക്കുന്നില്ല ‘ (കേരളം മലയാളികളുടെ മാതൃഭൂമി ചിന്ത പബ്ലിഷേഴ്സ്, പേജ് 249)
എന്നൊക്കെ എഴുതിയ ഇഎംഎസിന്റെ പിന്‍ഗാമികള്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി വന്നപ്പോള്‍ അത് അദ്ദേഹത്തെ ആദരിച്ച് അംഗീകരിക്കുന്നതിന്റെ തുടക്കമാണെന്ന് ചിലരെങ്കിലും കരുതി. ശ്രീനാരായണ ദര്‍ശനങ്ങളുമായി പുലബന്ധം പോലുമില്ലാത്ത പി.എം മുബാറക് പാഷയെ ആദ്യ വൈസ് ചാന്‍സലറായി നിയമിച്ചതോടെ സര്‍ക്കാരിന്റെ മനസിലിരുപ്പ് പുറത്തു വന്നു. ഗുരുദേവന്റെ പേരിലുള്ള സ്ഥാപനത്തിന് ഗുരുദേവ ദര്‍ശനങ്ങളെ അംഗീകരിക്കാത്ത ആളെ തന്നെ തലവനാക്കി വീണ്ടും ഇടതു പക്ഷം ഗുരുദേവനെ അപമാനിച്ചു.
ഏറ്റവും അവസാനമായി അവര്‍ ഗുരുദേവനെ അവഹേളിച്ചിരിക്കുന്നത് സര്‍വ്വകലാശാലയുടെ ലോഗോ പുറത്തിറക്കിയാണ്. കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ കൊല്ലം എംഎല്‍എ മുകേഷാണ് ലോഗോ പുറത്തിറക്കിയത്.
ഗുരുദേവനുമായോ അദ്ദേഹം മുന്നോട്ട് വെച്ച ദര്‍ശനവുമായോ വിദൂര ബന്ധം പോലുമില്ലാത്തതാണ് സര്‍വ്വകലാശാലയുടെ ലോഗോ. സംഗതി ഉത്തരാധുനികതയാണ്. ശ്രീ നാരായണ ഗുരു എന്ന്
പിരിച്ചെഴുതാനുള്ള മാന്യത പോലും കാണിച്ചില്ല. മാത്രവുമല്ല ലോഗോയില്‍ നിന്ന് ഗുരുദേവനെ പുറത്താക്കുകയും ചെയ്തു.
ഗുരുദേവന്റെ ചിത്രം പോലും അദ്ദേഹത്തിന്റെ പേരിലുള്ള സര്‍വ്വകലാശാലയ്ക്ക് ഹറാമാണെന്ന് ചുരുക്കം.
പക്ഷേ സര്‍വ്വകലാശാല ലോഗോയ്കക്ക് ഗംഭീര ഭാഷ്യം ചമച്ചിട്ടുണ്ട്,
അത് ഇങ്ങനെയാണ്. ശ്രീനാരായണ ഗുരുദേവന് മുന്നോട്ട് വെച്ച മാനവികതയുടെ സത്ത, വര്‍ണ്ണങ്ങളുടേയും ജാമ്യതീയ രൂപങ്ങളുടേയും സംഗമങ്ങളിലൂടെ ‘പ്രകാശം’ പൊടിഞ്ഞ് പുറത്തേക്ക് പ്രസരിക്കുന്നു. പ്രകാശത്തിന് ശുഭ്രനിറം. വിജ്ഞാനത്തിനും സമാധാനത്തിനും സത്യത്തിനും നിറം ശുഭ്രം.
പച്ച ഫലഭൂയിഷ്ഠതയ്ക്കും ഉര്‍വ്വരതയ്ക്കും സ്വന്തം.
പച്ച, കുങ്കുമം, ചുവപ്പ് ഇവ സുസ്ഥിര വികസനത്തിന്റെ പന്ഥാവ്.
വൃത്താകൃതിയിലുള്ള ജാമ്യതീയ രൂപങ്ങള്‍ വൈവിധ്യമാര്‍ന്ന വിജ്ഞാന ശേഖരത്തേയും മാനവിക സംസ്കാരങ്ങളേയും സൂചിപ്പിക്കുന്നു.
മഞ്ഞ, ധര്‍മ്മം ശ്രേഷ്ഠത്വം ഇവയെ ഓര്‍മ്മിപ്പിക്കുന്നു.
ലോഗോയെപ്പറ്റി സര്‍വ്വകലാശാ പുറത്തിറക്കിയ പത്രക്കുറിപ്പിലുള്ള വാചകങ്ങളാണിത്.
സാധാരണ ഒരു സ്ഥാപനത്തിന്റെ ലോഗോ എന്നത് അതിന്റെ വ്യക്തിത്വമാണ്. ആരുടേയും നിരൂപണമില്ലാതെ തന്നെ ലോഗോ കാണുന്ന മാത്രയില്‍ ആ സ്ഥാപനത്തേയും അതിന്റെ മാഹാത്മ്യത്തേയും പറ്റി കാഴ്ചക്കാരന് മനസിലാകണം. അതിനാണ് ലോഗോ. പക്ഷേ സംഗതി ഗുരുദേവന്റെ പേരിലുള്ളതായതിനാല്‍ അദ്ദേഹത്തിന്റെ ചിത്രം പോലും അവിടെ ഉണ്ടാകരുതെന്ന് ആരോ ശഠിച്ച പോലെയുണ്ട് കാര്യങ്ങള്‍.
ആദിശങ്കരനും തുഞ്ചത്താചാര്യനും ഇതേ ഗതിയായിരുന്നു എന്ന് ഓര്‍ത്ത് തത്കാലം സമാധാനിക്കാം. ഹൈന്ദവ നവോത്ഥാന നായകരെ ഒന്നും നമുക്ക് വേണ്ടാതായിട്ട് കാലം കുറേ ആയല്ലോ? ഗുരുദേവനെ കുരിശില്‍ കെട്ടി വലിച്ചവര്‍ ഇത്രയല്ലേ ചെയ്തുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: