ന്യൂദല്‍ഹി: പ്രശസ്ത ഫാഷന്‍ ഡിസൈനറും സ്വന്തം പേരില്‍ ആഗോളപ്രശസ്തമായ ഫാഷന്‍ ബ്രാന്റിന്റെ സ്ഥാപകനുമായ സത്യാപോള് അന്തരിച്ചു. അദ്ദേഹത്തിന് 78 വയസ്സായിരുന്നു. കോയമ്പത്തൂരിലെ ഈഷ യോഗ കേന്ദ്രത്തിലായിരുന്നു അന്ത്യം. സത്യാപോളിന്റെ മകന്നും ഫാഷന്‍ ഡിസൈനറുമായ പുനീത് നന്ദയും ഈഷ യോഗകേന്ദ്രം സ്ഥാപകന്‍ സദ്ഗുരുവും സംയുക്തമായാണ് മരണ വാര്‍ത്ത പ്രഖ്യാപിച്ചത്.
ഡിസബര്‍ രണ്ടിന് സത്യാപോളിനെ അമിത രക്തസമ്മര്‍ദ്ദം മൂലം തലച്ചോറിന് ക്ഷതം സംഭവിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം അദ്ദേഹം ക്രമേണ രോഗത്തില്‍ നിന്ന് സുഖംപ്രാപിച്ചുവരികയായിരുന്നു. 2015 മുതല്‍ സത്യാപോള് ഈഷ യോഗകേന്ദ്രത്തിലാണ് താമസം.
ഫാഷന്‍ ഡിസൈനറായ സത്യാപോളിനെ മാത്രമേ ലോകത്തിന് കൂടുതല്‍ പരിചയമുള്ളൂ. പക്ഷെ അദ്ദേഹം നിരന്തരമായി ആത്മീയാന്വേഷണം നടത്തിയിരുന്ന വ്യക്തിയായിരുന്നു. ജെ.കൃഷ്ണമൂര്ത്തിക്കരികില് അദ്ദേഹം ഈ ആന്തരിക യാത്രയുടെ ഭാഗമായി 70കളില്‍ എത്തിയിരുന്നു. പിന്നീട് ഓഷോയില്‍ നിന്നും സന്യാസം സ്വീകരിച്ചു. 1990ല്‍ ഓഷോ വിടവാങ്ങിയശേഷം അദ്ദേഹം ഒരു ഗുരുവിനെയും തേടിയില്ല. പിന്നീട് 2007ലാണ് ഗുരു ജഗ്ഗി വാസുദേവിനരികില് എത്തുന്നത്. പിന്നീട് 2015ല്‍ കോയമ്പത്തൂരില്‍ ഈഷ യോഗകേന്ദ്രത്തില്‍ സ്ഥിരതാമസം തുടങ്ങി.
1960കളിലാണ് സത്യാപോള് വസ്ത്രവ്യാപാരരംഗത്ത് റീട്ടെയില്‍ മേഖലയിലേക്ക് കടന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഇന്ത്യയിലെ കൈത്തറി ഉല്പന്നങ്ങള് കയറ്റുമതി ചെയ്തുകൊണ്ടായിരുന്നു തുടക്കം. 1980ല്‍ മകനുമായി ചേര്‍ന്ന് ആദ്യത്തെ സാരി ബുട്ടീക് ഇന്ത്യയില്‍ ആരംഭിച്ചു. 1986ലാണ് സത്യാ പോള്‍ എന്ന ഫാഷന്‍ ലേബല്‍ തുടങ്ങുന്നത്. അനന്യവും വ്യത്യസ്തവുമായ പ്രിന്റുകളായിരുന്നു പ്രത്യേകത. സാരികള്‍, സ്കാര്‍ഫുകള്‍, സ്റ്റോളുകള്‍, ഷാളുകള്‍, ബാഗുകള്‍, ക്ലച്ചസുകള്, ടൈകള്‍, കഫ് ലിങ്കുകള്‍, വാലറ്റുകള്‍ തുടങ്ങി എല്ലാം സത്യാ പോള്‍ സ്റ്റോറില്‍ ഉണ്ടായിരുന്നു.
തന്റെ പ്രൊഫഷനില്‍ അഗാധമായ അഭിനിവേശവും അടക്കാനാവത്ത താദാത്മ്യവും ഉള്ള വ്യക്തിയായിരുന്നു സത്യാപോളെന്ന് ഗുരു ജഗ്ഗി വാസുദേവ് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: