ശ്രീനഗര്‍: ജനുവരി അഞ്ചിന് അര്‍ധരാത്രി കാശ്മീരിലെ കുപ്വരയിലെ കാരല്‍പുരയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഒരു ഫോണ്‍ വിളിയെത്തി. ഭാര്യക്ക് ഗര്‍ഭസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ വിളിച്ച ഭര്‍ത്താവായിരുന്നു ഫോണില്‍. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ മാര്‍ഗങ്ങളില്ലാതായതോടെയാണ് സൈനികരുടെ സഹായം തേടിയത്. സീസണിലെ ആദ്യ മഞ്ഞുവീഴ്ച ശനിയാഴ്ച കാശ്മീര്‍ താഴ്വരയിലെ പ്രദേശങ്ങളെ വളരെയേറെ ബാധിച്ചിരുന്നു.
കനത്ത മഞ്ഞുവീഴ്ചയാണ് ഉയര്‍ന്ന പ്രദേശങ്ങളിലുണ്ടായത്. പ്രാദേശിക ഗതാഗത സൗകര്യങ്ങളോ, സാമൂഹിക ആരോഗ്യ സേവനത്തിന്റെ വാഹനമോ ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കാശ്മീരിലെ ഫര്കിയാന് ഗ്രാമത്തില്‍നിന്നുള്ള മന്‍സൂര്‍ അഹമ്മദ് ഷെയ്ഖ് സൈന്യത്തെ അറിയിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ സൈനികര്‍ അടിയന്തര വൈദ്യസഹായം നല്കാന് കഴിയുന്ന ആളിനെയുംകൂട്ടി സ്ഥലത്തെത്തി.
തുടര്‍ന്ന് അവര്‍ മുട്ടോളം ഉയരത്തില്‍ മൂടിക്കിടക്കുന്ന മഞ്ഞില്‍ കൂടി രണ്ടുകിലോമീറ്ററോളം യുവതിയെയും കുടുംബത്തെയും അനുഗമിച്ചു. വാഹനമെത്തുന്ന സ്ഥലത്ത് എത്തിയതോടെ യുവതിയെ വളരെവേഗം കരാല്പുര ആശുപത്രിയില്‍ എത്തിച്ചു. ഗര്‍ഭിണിയെയുംകൊണ്ട് വരുന്ന വിവരം ആശുപത്രി ജീവനക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. വൈകാതെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. പിന്നീട്, സൈനികര്‍ ഗര്‍ഭിണിയെ സ്ട്രെച്ചറില്‍ ചുമന്നുകൊണ്ടു പോകുന്ന വീഡിയോ പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: