ലണ്ടന്‍: വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ ബ്രിട്ടനിലെ കസ്റ്റഡി തുടരാന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു. ഇതോടെ അസാഞ്ചിനെ വിട്ടുകിട്ടാനുള്ള യുഎസിന്റെ കാത്തിരിപ്പ് തുടരേണ്ടിവരും.
അസാഞ്ചിനെ തങ്ങള്‍ക്ക് കൈമാറണമെന്ന അപ്പീല്‍ നല്കി അനുകൂല വിധിയും കാത്തിരിക്കുന്ന യുഎസിന് യുകെ കോടതിയുടെ വിധി തിരിച്ചടിയായി. സ്വതവേ ഒളിച്ചോടാന്‍ പ്രവണതയുള്ള വ്യക്തിയായതിനാലാണ് അസാഞ്ചിന്റെ കസ്റ്റഡി തുടരാന്‍ തീരുമാനിക്കുന്നതെന്ന് ജഡ്ജി വനേസ ബരെയ്റ്റ്സര്‍ പറഞ്ഞു. ഇനിയും തീരുമാനമാവാതെ കിടക്കുന്ന കോടതി നടപടികളില്‍ നിന്നും ഇപ്പോള്‍ അസാഞ്ച് ഓടിപ്പോയാല്‍ അസാഞ്ചിനെ വിട്ടുകിട്ടാനുള്ള യുഎസിന്റെ അവസരം എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നും അസാഞ്ചിന്റെ കസ്റ്റഡി തുടരാനുള്ള തീരുമാനം അറിയിച്ച ജഡ്ജി വനേസ ബരെയ്റ്റ്സര്‍ കൂട്ടിച്ചേര്‍ത്തു. അസാഞ്ചിന് സമനിലതെറ്റിയ മാനസികാവസ്ഥ കാരണമാണ് യുഎസിലേക്ക് കൈമാറാതിരിക്കുന്നതെന്ന ജഡ്ജി വനേസ ബരെയ്റ്റ്സറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ അസാഞ്ചിനെ മോചിപ്പിക്കരുതെന്ന് യുഎസ് ജഡജിയോട് ആവശ്യപ്പെട്ടിരുന്നു.നേരത്തെ അസാഞ്ചിനെ മോചിപ്പിക്കണമെന്ന് അസാഞ്ചിന്റെ അഭിഭാഷകന് വാദിച്ചു.
2010ല്‍ നടത്തിയ വിക്കിലീക്ക്സില് യുഎസിലെ അതിപ്രധാനമായ അഞ്ച് ലക്ഷം രഹസ്യഫയലുകളാണ് അസാഞ്ച് ചോര്‍ത്തി മാധ്യമങ്ങള്‍ വഴി പരസ്യമാക്കിയത്. സുപ്രധാനമായ വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു വിക്കിലീക്ക്സിന്റെ പ്രഖ്യാപിത ലക്ഷ്യം. യുഎസിന്റെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ സൈനികനീക്കങ്ങള്‍ക്ക് പിന്നിലെ ന്യായീകരണങ്ങള്‍ പൊളിക്കുന്നതായിരുന്നു ഈ വിക്കിലീക്കുകള്. യുഎസിലെ ഇന്റലിജന്‍സ് അനലിസ്റ്റായ ചെല്‍സി മാന്നിങിനെ ഈ രഹസ്യരേഖകള്‍ മോഷ്ടിക്കുന്നതിന് 2010ല്‍ അസാഞ്ച് സഹായിച്ചുവെന്നതാണ് വാഷിംഗ്ടണിന്റെ ആരോപണം. എന്നാല്‍ അസാഞ്ചിനെതിരായ അമേരിക്കയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് അഭിഭാഷകന്റെ വാദം.
ചാരപ്രവര്ത്തനനിയമം കൂടി ലംഘിച്ചാണ് അസാഞ്ച് രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് അമേരിക്ക വാദിക്കുമ്പോള്‍ തന്റെ പൊതുതാല്പര്യ പത്രപ്രവര്ത്തനമായിരുന്നുവെന്നാണ് അസാഞ്ച് വാദിക്കുന്നത്. അമേരിക്കയുടെ ഇന്റലിജന്‍സ് കേന്ദ്രങ്ങളെ മുഴുവന്‍ അട്ടിമറിക്കുന്നതായിരുന്നു പാസ് വേഡ് തകര്‍ത്ത് ചോര്‍ത്തിയ രഹസ്യങ്ങളത്രയും.
അതേ സമയം മനുഷ്യാവകാശത്തിനായി മുറവിളികൂട്ടുന്ന യുഎസ് തന്നെ അമേരിക്കന്‍ സൈന്യം നടത്തിയ അവകാശലംഘനങ്ങളെ അസാഞ്ച് പുറത്തുകൊണ്ടുവന്നതിനെ തെറ്റെന്ന് വിളിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യമാണ് അമേരിക്കക്കെതിരെ ഉയരുന്നത്. 2007ല്‍ ഡസന്‍ കണക്കിന് ഇറാഖികളെ യുഎസ് സൈന്യം വെടിവെച്ച് കൊല്ലുന്നത് ഏറ്റുമുട്ടലിനിടെയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ 12 നിഷ്കളങ്കരായ ഇറാഖികളെ അമേരിക്കന്‍ സൈനികര്‍ യുദ്ധവിമാനത്തിലിരുന്ന് കളിതമാശകള്‍ പറയുന്നതിനിടെ ഒരു കാരണവുമില്ലാതെ കൊല്ലുന്ന വീഡിയോ കൂടി അസാഞ്ചിന്റെ വിക്കിലീക്കുകളില്‍ പെടുന്നു.
ഇപ്പോള്‍ തെക്ക് കിഴക്കന്‍ ലണ്ടനിലെ അതിസുരക്ഷയുള്ള ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ചെ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: