ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ നടന്ന യുവാവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്നാണ് ആരോപണം. കാമരാജപുരം സ്വദേശി ജയറാമിന്റെ മകന് ഹരിഹരന്(22) ആണ് മരിച്ചത്. കൊലപാതവുമായി ബന്ധപ്പെട്ട് കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കരൂര്‍ കല്ല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍വച്ചു കാമുകി നോക്കിനില്‍ക്കെയാണ് ഹരിഹരനെ കുത്തിക്കൊലപ്പെടുത്തിയത്. ഇവിടേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ഹരിഹരനെ കരൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോളജ് പഠനകാലത്ത് പരിചയപ്പെട്ട ഇവര്‍ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബാര്‍ബറായ ഹരിഹരനുമായുള്ള അടുപ്പത്തെ മറ്റൊരു ജാതിയില്‍ പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ആശയവിനിമയം നിര്‍ത്തി. ഹരിഹരന് പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.
പിന്നാലെയാണ് പെണ്‍കുട്ടിയുമായി സംസാരിക്കാമെന്ന് അറിയിച്ച് ക്ഷേത്രത്തിന് മുന്‍പിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെവച്ച് പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കമുണ്ടായെന്ന് പൊലീസ് പറയുന്നു. ഇതിനിടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ കുത്തിവീഴ്ത്തുകയായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു പേര് ഒളിവിലാണ്. ശങ്കര്‍, കാര്ത്തികേയന്, വെള്ളൈസ്വാമി എന്നിവരാണ് പിടിയിലായത്. സംഭവം ദുരഭിമാനക്കൊലയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: