ന്യൂഡല്‍ഹി: യുഎസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചുകടന്നത് കണ്ട് വ്യാഴാഴ്ച ലോകം തന്നെ ഒരുനിമിഷം ഞെട്ടി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം അംഗീകരിക്കാനും, ജോ ബൈഡന് സമാധാനപരമായി അധികാരം കൈമാറുന്നത് ഉറപ്പാക്കാനും ഡൊണാള്‍ഡ് ട്രംപ് വിസമ്മതിച്ചതോടെയാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍ യുഎസ് പാര്‍ലമെന്റില്‍ എത്തിയത്.
കലാപത്തില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. സംഭവം അട്ടിമറി ശ്രമമെന്നായിരുന്നു ചിലരുടെ ആരോപണം. ക്യാപിറ്റോള്‍ മന്ദിരത്തിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികളുടെ പുതിയ വീഡിയോ ഇപ്പോള്‍ ഇന്ത്യയിലും ചര്‍ച്ചയായി. പ്രതിഷേധക്കാര്‍ക്കിടയില്‍ ഒരാള്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയേന്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
ആരെന്നോ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പെടുന്ന ആളെന്നോ വ്യക്തമല്ല. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നടത്തിയ പ്രതിഷേധത്തിലുണ്ടായ ഇന്ത്യന്‍ പതാകയുടെ സാന്നിധ്യം എന്നാല്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടാതെ പോയില്ല. ബിജെപിയുടെ ലോക്സഭാ എംപി വരുണ്‍ ഗാന്ധിയും ഈ വീഡിയോ ട്വീറ്റ് ചെയ്തു.
ക്യാപിറ്റോള്‍ മന്ദിരത്തിന് പുറത്ത് ഇന്ത്യയുടെ പതാക കണ്ടതില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. അവിടെ ഇന്ത്യന്‍ പതാക എന്തുകൊണ്ട് വന്നുവെന്ന് ചോദിച്ച വരുണ്‍ ഗാന്ധി നമ്മള് പങ്കെടുക്കാന്‍ പാടില്ലാത്ത ഒരു പോരാട്ടമാണിതെന്നും ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: