ന്യൂയോര്‍ക്ക് : യുഎസ് പാര്‍ലമെന്റിന് മുന്നിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. മരിച്ചവരെല്ലാം ട്രംപ് അനുകൂലികളാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനുള്ള യുഎസ് പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ക്കിടെ ട്രംപ് അനുകൂലികള്‍ അതിക്രമിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് വെടിവെപ്പ് ഉണ്ടാവുകയും ഒരാള്‍ സംഭവ സ്ഥലത്തുവെച്ചും മറ്റ് മൂന്ന് പേര് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ക്യാപ്പിറ്റോള്‍ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളുടെ കയ്യില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പാര്‍ലമെന്റ് വളപ്പില്‍ നിന്നും പൈപ്പ് ബോംബുകളും കണ്ടെത്തിയിട്ടുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേയ്ക്ക് കൂടി നീട്ടി.
ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കടന്നതോടെ ഇവരില്‍ നിന്ന് പാര്‍ലമെന്റംഗങ്ങളെ ഭൂഗര്‍ഭ തുരങ്കം ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതിക്രമിച്ചെത്തിയ ആയിരക്കണക്കിന് ട്രംപനുകൂലികളെ നിയന്ത്രിക്കുന്നത് ശ്രമകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സഭാംഗങ്ങളെ രഹസ്യഭൂഗര്ഭമാര്ഗം വഴി പുറത്തെത്തിച്ചത്.
അതേസമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേത് രാജ്യദ്രോഹ നടപടിയാണെന്നും തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായി ഇരച്ചെത്തി കാപ്പിറ്റോള്‍ മന്ദിരത്തില്‍ സുരക്ഷാവീഴ്ചയുണ്ടാകുന്നത്. ട്രംപിന്റെ പിന്തുണയിലാണ് പ്രതിഷേധക്കാരുടെ നീക്കമെന്നും അമേരിക്കയുടെ ജനാധിപത്യത്തിനേറ്റ പ്രഹരമാണിതെന്നും നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ അറിയിച്ചു.
പ്രതിഷേധം കനത്തതോടെ അനുകൂലികളെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്കും യുട്യൂബും നീക്കം ചെയ്തു. യുഎസ് ക്യാപിറ്റോളിലെ കലാപകാരികളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോയില്‍ ട്രംപ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന തന്റെ വാദം ആവര്‍ത്തിക്കുന്നുണ്ട്. ഇത് നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്ന വിലയിരുത്തലിലാണ് ട്രംപിന്റെ വീഡിയോ ഫെയ്സ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: