കൊച്ചി: കേരളസമൂഹത്തിന്റെ പിന്തുണയോടെ വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തിയ സമരത്തിന്റെ വിജയമാണ് ഹൈക്കോടതി വിധിയെന്ന് വാളയാര്‍ നീതിസമരസമിതി. അതേസമയം സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അനുകൂലനിലപാടുണ്ടാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി വാക്കു പാലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
രണ്ട് ദളിത് പെണ്‍കുട്ടികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടസംഭവം കേരളത്തെ ഞെട്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും അവരെ പ്രേരിപ്പിച്ച രാഷ്ട്രീയ നേതാക്കളും നേടിയ വിജയമായിരുന്നു അത്. ആ വിധി ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കി. കേസില്‍ തീര്‍ത്തും പുതിയ അന്വേഷണം നടക്കണം. കൊലക്കുറ്റം ഉള്‍പ്പെടെ ചേര്‍ത്ത് കുറ്റപത്രം ഉണ്ടാകണം. അതിന്റെ തെളിവുകള്‍ ശേഖരിക്കണം.
സാക്ഷികളെ ചേര്‍ക്കണം. അത് സാധ്യമാണെന്ന് ഹൈക്കോടതി വിധി പറയുന്നു. വിചാരണക്കോടതിയില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെടുന്നത്. കോടതി വിധിയില്‍ തന്നെ അട്ടിമറിച്ച കേസെന്നു കണ്ടെത്തിയിട്ടും പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ സോജന് അടക്കമുള്ളവരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പെണ്‍കുട്ടികളെ സംബന്ധിച്ച് വളരെ മോശമായ രീതിയില്‍ പ്രതികരിച്ച സോജനെതിരെ പോക്സോ, എസ്സി എസ്ടിക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ നിയമങ്ങള്‍ അനുസരിച്ചു കേസെടുക്കണം. ഇതിനായി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ശിശുക്ഷേമസമിതി അധ്യക്ഷനായിരുന്ന വ്യക്തി ഭരണകക്ഷിയുടെ സ്വാധീനമുള്ള നേതാവാണ്. പോക്സോ കേസുകളില്‍ ഇപ്പോഴും പ്രതികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അദ്ദേഹത്തിന് ഈ കേസ് അട്ടിമറിയില്‍ ഉള്ള പങ്കും അന്വേഷിക്കണം. ഇതിനെല്ലാം സംസ്ഥാന പോലീസിന് പുറത്തുള്ള ഏജന്‍സി തന്നെ വേണം. മൂത്തകുട്ടി കൊല്ലപ്പെട്ടു നാലു വര്‍ഷം തികയുന്ന ജനുവരി 13 നു വാളയാര്‍ അട്ടപ്പള്ളത്ത് വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ ഭാവി സമരപരിപാടികള്‍ സംബന്ധിച്ച് തിരുമാനം എടുക്കുമെന്നും സമരസമിതി ഭാരവാഹികളായ വിളയോടി വേണുഗോപാല്‍, മാര്‍സണ്‍, സി.ആര് നീലകണ്ഠന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: