ന്യൂഡല്‍ഹി: ദല്‍ഹിയിലെ അതിര്‍ത്തിയില്‍ നടക്കുന്ന കര്ഷകസരമത്തില് ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സമരം കോവിഡ് വ്യാപനത്തിന് കാരണമാകുമോയെന്ന ആശങ്കയാണ് കോടതി പ്രകടിപ്പിച്ചത്. വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. തബ് ലീഗ് ജമാ അത്ത് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് സുപ്രീംകോടതി പരാമര്‍ശം നടത്തിയത്. കഴിഞ്ഞവര്‍ഷം മഹാമാരിയുടെ തുടക്കത്തില്‍ ദല്‍ഹിയില്‍ നടന്ന തബ് ലീഗ് സമ്മേളനം കോവിഡ് വ്യാപനത്തിന് ഇടയാക്കിയിരുന്നു.
കര്‍ഷക സമരത്തിലും സമാന സാഹചര്യമുണ്ടാകുമോയെന്ന ആശങ്കയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉള്‍പ്പെട്ട ബെഞ്ച് പ്രകടിപ്പിച്ചത്. കര്‍ഷകസമരത്തില്‍ മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയോട് കോടതി ചോദിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് തുഷാര്‍ മേഹ്ത മറുപടി നല്കി.
തുടര്‍ന്നാണ് ഇത് ഗുരുതരമായ സാഹചര്യമെന്നും നൂറുകണക്കിന് ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം ചെയ്യുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയത്. തബ് ലീഗ് സമ്മേളനത്തിലൂടെയുണ്ടായ സാഹചര്യം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍, ഇവ നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: