തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്ന നിലപാടില്‍ കസ്റ്റംസ്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം വസതിയിലെ മേല്‍വിലാസത്തില്‍ വീണ്ടും നോട്ടിസ് അയച്ചു. നേരത്തേ സ്പീക്കറുടെ ഓഫിസിലേക്കാണ് നോട്ടിസ് നല്‍കിയത്. കഴിഞ്ഞദിവസം നിയമസഭാ സെക്രട്ടറി നല്കിയ കത്തിന് വിശദീകരണം നല്കാന് കസ്റ്റംസ് തീരുമാനിച്ചു.
സ്പീക്കറുടെ ഓഫിസിലുള്ള ഒരാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ നിയമപരമായ തടസമില്ലെന്ന് കസ്റ്റംസ് സ്പീക്കറുടെ ഓഫിസിനെ അറിയിക്കും. നോട്ടിസ് നല്‍കിയാണ് ചോദ്യം ചെയ്യലിന് ഹാജരാന്‍ നിര്‍ദേശിച്ചത്. അറസ്റ്റുണ്ടാകുകയാണെങ്കില് മാത്രമാണ് സ്പീക്കറുടെ അനുമതി തേടുന്നതടക്കമുള്ള ഭരണഘടനാ പ്രശ്നങ്ങള്‍ നിലനില്ക്കുന്നുള്ളൂ.
ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് ഇന്ന് നേരിട്ട് നിയമസഭാ സെക്രട്ടറിക്ക് മറുപടി നല്‍കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.നിയമസഭാ ചട്ടം 165 പ്രകാരം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമസഭാ സെക്രട്ടറി കത്ത് നല്‍കിയത്.
എന്നാല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്ന നിയമപരിരക്ഷ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ഇല്ലെന്ന വാദമാണ് കസ്റ്റംസ് മുന്നോട്ടുവയ്ക്കുന്നത്. അതിനിടെ നിയമസഭാ സെക്രട്ടറി കസ്റ്റംസിന് നല്കിയ കത്തിനെ ന്യായീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഇന്ന് രംഗത്തെത്തി. സഭാപരിസരത്തുള്ള എല്ലാവര്ക്കും പ്രത്യേക പരിരക്ഷ ബാധകമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. തന്നെ ചോദ്യം ചെയ്യുമെന്നത് വെറും വാര്‍ത്തകളെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: