കൊന്നക്കാട്: കര്‍ണാടക വനത്തിലേക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ എട്ട് പട്ടിക വര്‍ഗ യുവാക്കളും ആറാം ദിവസത്തില്‍ നാട്ടില്‍ തിരിച്ചെത്തി. അത്തിയടുക്കം പട്ടിക വര്‍ഗ കോളനിയിലെ പുതിയടത്ത് മധു (44), മകന് മനു (16), പാപ്പിനി വീട്ടില്‍ മനോജ് (30), പുതിയേടത്തു ബാലന് (40), നിശാന്ത് (18), കോട്ടയില്‍ രമേശന് (25), പുതിയേടത്തു അനീഷ് (26), പാട്ടത്തില്‍ രവി (45) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ വീടുകളില്‍ തിരിച്ചെത്തിയത്.
ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് അത്തിയടുക്കം പട്ടിക വര്‍ഗ്ഗ കോളനിയില്‍ നിന്നും എട്ട് പേര് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കര്‍ണാടക ഉള് കാട്ടിലേക്ക് പോയത്. വനത്തില്‍ ഉണ്ടായ കനത്ത മഴയും പതിവില്‍ കൂടുതല്‍ ഉണ്ടായ തണുപ്പുമാണ് മടക്കം വൈകിപ്പിച്ചതെന്നും ഒരാഴ്ചക്കുള്ള ഭക്ഷണവിഭവങ്ങള്‍ കരുതിയിരുന്നുവെന്നുമാണ് മടങ്ങിയെത്തിയവര്‍ വെളിപ്പെടുത്തിയത്.
അഞ്ചു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതുകൊണ്ട് ബന്ധുക്കളും വാര്‍ഡ് അംഗം അടക്കമുള്ളവരും ആശങ്ക അറിയിച്ചതോടെയാണ് യുവാക്കളെ കാണാതായ വിവരം പുറത്തറിഞ്ഞത്. ഫോറസ്റ്റ് ഓഫീസര്‍മാരെയും പോലീസിനെയും ഇക്കാര്യം അറിയിച്ചിരുന്നു. യുവാക്കള്‍ വനത്തില്‍ പോയതുസംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ഉണ്ടായിരുന്നു. മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലയില്‍ പോയവരെയാണ് കാണാതായതെന്ന പ്രചാരണം പരിഭ്രാന്തി പരത്തുകയും ചെയ്തു. ഇതോടെ യുവാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: