ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ മരണം പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളില്‍ നിന്ന് ജുഡീഷ്യല്‍ കമ്മീഷന് മൊഴി രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡി മരണത്തില്‍ നടത്തിയ പോസ്റ്റ്മോര്ട്ടത്തിലെ പോരായ്മകള്‍ മറികടക്കാന്‍ റീപോസ്റ്റ്മോര്‍ട്ടം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
നെടുങ്കണ്ടം പോലീസ് സ്റ്റേഷന്, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ്കുമാറിന്റെ വാഗമണ്ണിലെ വീട് തുടങ്ങിയിടങ്ങളില്‍ പരിശോധന നടത്തി തെളിവ് ശേഖരിച്ചുമാണ് ജുഡീഷ്യല്‍ കമ്മീഷന് റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐയുടെ മുറിയില്‍ വെച്ചും മുകളിലെ നിലയിലെ വിശ്രമമുറിയില്‍ വെച്ചും മര്‍ദ്ദിച്ചതായുള്ള സാക്ഷികളുടെ മൊഴികള്‍ വസ്തുതാപരമാണന്ന് കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. 2019 ജൂലൈ 21നാണ് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രാജ്കുമാര് മരണപ്പെട്ടത്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്ക്കുണ്ടായിട്ടുള്ള വീഴ്ചകള്‍, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ടാണ് തയാറാക്കിയിട്ടുള്ളതെന്ന് ജ. നാരായണക്കുറുപ്പ് വ്യക്തമാക്കി. ഉച്ചയോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: