കൊച്ചി: വാളയാര്‍ കേസില്‍ പ്രോസിക്യൂഷനും പോലീസിനും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി. പാലക്കാട് പോക്സോ കോടതിയിലെ വിചാരണ പ്രഹസനമായി. അസാധാരണ നടപടികള്‍ ആവശ്യമായ അസാധാരണ സാഹചര്യമാണ് കേസിലുള്ളത്. പോക്സോ കേസുകളില്‍, പ്രത്യേകിച്ച് സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളിലുള്ള കുട്ടികളെ പീഡിപ്പിച്ച കേസുകള്‍, കോടതി ജാഗ്രതയോടെയും കരുതലോടെയും കൈകാര്യം ചെയ്യണം. പ്രതികളെ വെറുതേ വിട്ടത് മതിയായ തെളിവ് ഇല്ലാത്തതുകൊണ്ടല്ല,
ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലമാണ്. പോലീസിന്റെ പ്രാഥമികാന്വേഷണത്തിലെ പിഴവുകളും അശ്രദ്ധയോടെ കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂഷനുമാണ് വിചാരണ നിരര്‍ത്ഥകമാക്കിയത്. സത്യം പുറത്തു കൊണ്ടുവരാന്‍ വിചാരണക്കോടതി ഇടപെട്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
കഴിവും ആത്മാര്‍ത്ഥതയുമില്ലാത്ത പോലീസ് ഉദ്യോഗസ്ഥന് പോലീസ് സേനയ്ക്കു തന്നെ അപമാനമാണെന്ന് കോടതി പറഞ്ഞു. പ്രാഥമികാന്വേഷണം നടത്തിയത് അങ്ങേയറ്റം മോശമായ തരത്തിലാണ്. ഹീനമായ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് സത്യസന്ധനും കടമകള്‍ നിര്‍വഹിക്കാന്‍ കഴിവുള്ളയാളുമാകണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍, പ്രത്യേകിച്ച് പോക്സോ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ആത്മാര്‍ത്ഥയും കഴിവുമുണ്ടാകണം.
സബ് ഇന്‍സ്പെക്ടര്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ കാട്ടിയ ഉപേക്ഷ നിരാശാജനകമാണ്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ അസാധാരണമായ എന്തോ കാരണമുണ്ടെന്ന് കര്‍ത്തവ്യബോധമുള്ള ഉദ്യോഗസ്ഥനു തോന്നേണ്ടതാണ്, അതുണ്ടായില്ല. പീഡനം നടന്നെന്നു തെളിയിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടല്ലാതെ മറ്റു ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: