നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഭരണഘടനയും നിയമവും അനുശാസിയ്‌ക്കും വിധം, ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങള്‍ക്കും നീതി നടപ്പാക്കുമെന്നുമൊക്കെ പറഞ്ഞു സത്യപ്രതിജ്ഞ ചെയ്താണ് നമ്മുടെ ഭരണാധികാരികള്‍ അധികാരമേല്‍ക്കുന്നത്. എന്നാല്‍ നീതി നിര്‍വ്വഹണ സംവിധാനത്തിനുമുമ്പില്‍ നെറികേടിന്റെ മാര്‍ഗ്ഗമാണ് പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പറയാതെവയ്യ. ഇന്നലെ, വാളയാര്‍ കേസില്‍ പുനര്‍ വിചാരണക്ക് ഉത്തരവിട്ട കേരള ഹൈക്കോടതിയുടെ വിധിയുള്‍പ്പെടെ പിന്നിലേക്ക് നോക്കുമ്പോള്‍, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഈ സര്‍ക്കാരിന് വിവിധ കേസുകളില്‍ കോടതിയില്‍ നിന്ന് കിട്ടിയിട്ടുള്ള തിരിച്ചടികള്‍ ചെറുതല്ല.
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാനസര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിലെ പോലീസ് സിബിഐയോട് സമ്പൂര്‍ണനിസ്സഹകരണമാണ് കാണിച്ചത്. ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്‌ക്ക് വിട്ടത്.
പോലീസന്വേഷണത്തില്‍ രാഷ്‌ട്രീയചായ്‌വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ലാത്തതുമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയത്. ഖജനാവില്‍ നിന്ന് ഏറെ പണം ചെലവിട്ട്, ഡല്‍ഹിയില്‍ നിന്ന് ഉന്നതരായ അഭിഭാഷകരെ ലക്ഷങ്ങള്‍ മുടക്കി ഇറക്കിയിട്ടും സുപ്രീംകോടതി വരെ പോയിട്ടും ഫലമുണ്ടായില്ല. കേസില്‍ സിബിഐ അന്വേഷിച്ചു എന്നതുകൊണ്ട് മാത്രം കേരളാ പോലീസിന്റെ ആത്മവീര്യം കെടില്ലെന്നും, അത്തരത്തിലുളള സര്‍ക്കാരിന്റെ വാദങ്ങള്‍ പരിഗണിക്കുന്നതേയില്ലെന്നുമാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാന്‍ അന്ന് പ്രതിപക്ഷം സഭയില്‍ നടത്തിയ കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും ദൃശ്യ മാധ്യമങ്ങളില്‍ കണ്ടതാണ്. അക്രമത്തില്‍ സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, നാല് മൈക്ക് യൂണിറ്റുകള്‍, സ്റ്റാന്‍ഡ്‌ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിട്ടര്‍, ഹെഡ്ഫോണ്‍ എന്നിവയെല്ലാം നശിപ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലീസ് കുറ്റപത്രം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ അപേക്ഷയിന്മേലാണ് കേസ് പിന്‍വലിക്കണമെന്ന്ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചത്. കുറ്റകൃത്യം ചെയ്തവര്‍തന്നെ അധികാരത്തില്‍ എത്തുമ്പോള്‍ അവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുന്ന പരിഹാസ്യമായ കാഴ്ചയായിരുന്നു അത്. പോരാത്തതിന് പൊതുമുതല്‍ നശിപ്പിച്ച ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കു വേണ്ടി സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്ന വിരോധാഭാസവും ഔചിത്യമില്ലായ്മയും ഇതില്‍ കാണാനാവും. ഹര്‍ജി തള്ളിയ വിചാരണ കോടതി എല്ലാ പ്രതികളോടും വിചാരണക്ക്ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിചാരണക്കോടതിഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു. നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ശക്തമായിപിന്തുണച്ചില്ലെന്ന കാരണത്താല്‍ വിചാരണകോടതിയില്‍ കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷക അഡ്വ. ബീനാ സതീശിനെ സ്ഥലം മാറ്റുക വരെ ചെയ്തു ഈ സര്‍ക്കാര്‍. പൊതുജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതായിരുന്നു സര്‍ക്കാര്‍ നടപടികള്‍. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ വിചാരണക്കോടതിയും ഹൈക്കോടതിയും എടുത്ത നിലപാട് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനുള്ള വലിയ തിരിച്ചടിയായിരുന്നു.
റോഡ്, തോട്, നദികള്‍ വീടുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാമെന്ന സംസ്ഥാനസര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ദേശീയ ഹരിത ടിബ്യൂണല്‍ വിധിയും ഇവിടെ എടുത്തു പറയേണ്ടതാണ്. വലിയ തോതില്‍ പ്രകൃതിസ്‌നേഹം ഉദ്ഘോഷിക്കുന്ന ഇടതുസര്‍ക്കാരിന്റെ തനിനിറം വെളിവാക്കുന്ന ഉത്തരവിനെ റദ്ദാക്കിക്കൊണ്ടു സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്ന ക്വാറികള്‍ പൊതുസ്ഥലവുമായി ചുരുങ്ങിയത് 200 മീറ്റര്‍ അകലം വേണമെന്ന് കോടതി വ്യക്തമാക്കി.
സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാതെ പാറ പൊട്ടിക്കുന്ന ക്വാറികള്‍ ചുരുങ്ങിയത് 100 മീറ്റര്‍ അകലെയായിരിക്കണമെന്നും കോടതി ഉത്തരവായി. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ ഇത്തരത്തില്‍ നിരവധി ക്വാറികള്‍ക്ക് സംസ്ഥാനം അതിനോടകം അനുമതി നല്‍കിയിരുന്നു. മരട് ഫഌറ്റ് കേസില്‍ നിയമലംഘനത്തെ സര്‍ക്കാര്‍ പിന്തുണയ്‌ക്കുകയാണോ എന്നതടക്കമുള്ള രൂക്ഷവിമര്‍ശനമായിരുന്നു ചീഫ് സെക്രട്ടറിക്ക് നേരെ സുപ്രീംകോടതി ഉന്നയിച്ചത്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എടുത്ത ആദ്യ നിര്‍ണായക തീരുമാനങ്ങളിലൊന്ന് ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്തതായിരുന്നു. സിപിഎം നേതാക്കള്‍ക്കെതിരെ അദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായ പ്രതികാര നടപടി ഉണ്ടായത്. എന്നാല്‍ സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കുന്ന 2017 ജൂണ്‍ മുപ്പതുവരെ അദ്ദേഹത്തെ പോലീസ് മേധാവിയായി നിയമിക്കണമെന്നു അദ്ദേഹം സമര്‍പ്പിച്ച അപ്പീലില്‍ സുപ്രിംകോടതി വിധിച്ചു. കോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും കോടതി ചെലവായി 25000 രൂപ സംസ്ഥാന സര്‍ക്കാര്‍ കെട്ടിവെക്കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിന്റെ നെറികേടിനു ഇരന്നുവാങ്ങിയതായിരുന്നു ആ വിധി.
സര്‍ക്കാരിനെ വെല്ലുവിളിച്ച് പോലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാര്‍ അവിടെ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മൂന്നു കേസുകളിലാണ് പ്രതിയായത്. ഇതില്‍ വ്യാജ രേഖ ചമച്ചു എന്ന് ആരോപിച്ച കേസ് കഴമ്പില്ലെന്ന് കണ്ടു ഹൈക്കോടതി റദ്ദാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കേസ് വിചാരണക്കുപോലും എടുക്കാതെ ആണ് കോടതി തള്ളിയത്. സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ടി.പി.സെന്‍കുമാറിനെതിരെ ‘ചില സേനകള്‍’ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേരള മാനേജിംഗ് ഡയറക്ടറായിരിക്കെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് കേസ് റദ്ദാക്കികൊണ്ടു കേരള ഹൈക്കോടതി പറഞ്ഞത്.
സര്‍ക്കാര്‍ വാദങ്ങള്‍ മറ്റു പലതും ഉണ്ടെങ്കിലും ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും. ഇതിനെതിരെ അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നതടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങളെല്ലാം ട്രിബ്യൂണല്‍ അംഗീകരിച്ചു. ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് രണ്ടു വര്‍ഷത്തോളം സസ്പെന്‍ഡ് ചെയ്തതിന് യാതൊരു ന്യായീകരണവുമില്ലെന്നും അതിനാല്‍ അദ്ദേഹത്തെ അടിയന്തരമായി തിരിച്ചെടുക്കണമെന്നുമായിരുന്നു ഉത്തരവ്.
അവസാനമായി വാളയാര്‍ കേസില്‍, വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാറ്റിവച്ച്, ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയിലെ നിരീക്ഷണങ്ങള്‍ മാത്രം വായിച്ചാല്‍ കേരളത്തിലെ ക്രമസമാധാനപാലനത്തിന്റെ അഴുകിയ അവസ്ഥയും സംസ്ഥാനത്തു സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ സുരക്ഷിതമാക്കുമെന്ന പ്രഖ്യാപനങ്ങളുടെ അര്‍ഥശൂന്യതയും പൊള്ളത്തരവും വ്യക്തമാകും.
പ്രാഥമിക അന്വേഷണത്തില്‍ കുറവുകളുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ പ്രോസിക്യൂട്ടര്‍മാര്‍ സമ്മതിക്കുന്നു എന്ന് വിധിയില്‍ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അവരുടെ അഭിപ്രായത്തില്‍ അന്വേഷണ ഏജന്‍സികളുടെയും പ്രോസിക്യൂഷന്റെയും പോരായ്മകളും, വിചാരണക്കോടതി കാണിച്ച സത്യത്തോടുള്ള താല്‍പ്പര്യക്കുറവും പ്രതികളെ കുറ്റവിമുക്തരാക്കുന്നതില്‍ കലാശിച്ചു എന്നും വിധിയില്‍ എടുത്തെഴുതിയിട്ടുണ്ട്.
ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൃത്യസമയത്ത് വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയിരുന്നുവെങ്കില്‍ കുറഞ്ഞത് രണ്ടാമത്തെ കുട്ടിയുടെ മരണമെങ്കിലും ഒഴിവാക്കാമായിരുന്നു എന്നും കോടതി നിരീക്ഷിച്ചിരിക്കുന്നു. പിന്നീട് അന്വേഷണം ഏറ്റെടുത്ത ഡിവൈഎസ്പിക്ക് ശാസ്ത്രീയമായ ഒരു തെളിവും എടുക്കാന്‍ സാധിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരയ്‌ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ഒഴികെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് ആശ്ചര്യകരമാണെന്നു പറഞ്ഞ് അന്വേഷണത്തിലെ പാകപ്പിഴയെ കോടതി എടുത്തുകാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിയമസഭയില്‍ വാളയാര്‍ കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ഉറപ്പിന്റെ നേരെ വിപരീതമായാണ് കേസ് കൈകാര്യം ചെയ്യപ്പെട്ടതെന്ന് എന്ന് വിധിയില്‍ വ്യക്തമാണ്.
അനാവശ്യ വ്യവഹാരങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സാധാരണക്കാരന്റെ നികുതിപ്പണമെടുത്തു കോടികള്‍ ചെലവാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അല്‍പ്പം അരി മോഷ്ട്ടിച്ചതിന്റെ പേരില്‍ സാമൂഹ്യ വിരുദ്ധര്‍ കൊലപ്പെടുത്തിയ ആദിവാസി യുവാവുകൂടിയായ മധുവിന്റെ കേസ് നടത്താന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് പണമില്ലെന്ന് പറഞ്ഞതു ഇന്നാട്ടിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിക്കു നീതീകരിക്കാനാകാത്ത നിലപാടാണ്.
ഭരണഘടനാപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിയമവിരുദ്ധമായ നിലപാടുകളെടുത്തും, സ്വജനതാല്പര്യം സംരക്ഷിക്കാന്‍ പൊതുജനതാത്പര്യത്തെ ബലിയര്‍പ്പിച്ചും വീറും വാശിയും കാണിക്കുന്ന ഒരു സ്ഥിരവ്യവഹാരിയുടെ നിലവാരത്തിലേക്ക് തരംതാഴുന്ന കാഴ്ചയാണ് നാം ഇവിടെ കാണുന്നത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ നഗ്‌നമായ ലംഘനം, തികഞ്ഞ സത്യപ്രതിജ്ഞ ലംഘനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: