ന്യൂദല്‍ഹി: ഇന്ത്യയിലെ 73 പേര്‍ക്ക് യുകെയിലുള്ള അതിവീര്യ കോവിഡ് വൈറസ് ബാധയുള്ളതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വരെ 71 പേര്‍ക്കായിരുന്നു ജനിതകമാറ്റം വന്ന യുകെയിലെ അതിതീവ്രവ്യാപനശേഷിയുള്ള വൈറസ് ബാധിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ക്ക് കൂടി രോഗബാധയുണ്ടായതോടെ ഇത് 73 ആയി.
കോവിഡ് വൈറസിന്റെ ഈ യുകെ വകഭേദം ഏറ്റവും കൂടുതല്‍ പൂണെയിലാണ്- 30 പേര്. ദില്ലിയില്‍ 28 പേര്‍ക്കും ബെംഗ്ലൂരുവില്‍ 11 പേര്‍ക്കും ഹൈദരാബാദില്‍ 3 പേര്‍ക്കും കൊല്‍ക്കൊത്തയില്‍ ഒരാള്‍ക്കും യുകെ മാതൃകയിലുള്ള കോവിഡ് വൈറസ് ബാധയുണ്ടായി. കേരളത്തിലെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വൈറസ് വകഭേദം കണ്ടെത്തിയവരുടെ ബന്ധുക്കളെയും സഹയാത്രികരെയും കണ്ടെത്താനുള്ള വ്യാപകമായ തിരച്ചിലിലാണ് അധികൃതര്‍. കൂടുതല്‍ ജാഗ്രതയോടെയുള്ള നിരീക്ഷണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിശോധനകളും മറ്റും കര്‍ക്കശമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.
യുകെ വകഭേദത്തില്‍പ്പെട്ട വൈറസ് ഡെന്മാര്ക്ക്, നെതര്‍ലാന്റ്സ്, ആസ്ത്രേല്യ, ഇറ്റലി, സ്വീഡന്, ഫ്രാന്‍സ്, സ്പെയിന്, സ്വിറ്റ്സര്‍ലാന്റ്, ജര്‍മ്മനി, കാനഡ, ജപ്പാന്, ലെബനന്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. യുകെയില്‍ നിന്നും നവമ്പര്‍ 25നും ഡിസംബര്‍ 23നും ഇടയില്‍ 33,000 യാത്രക്കാര്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഇറങ്ങിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
ഡിസംബര്‍ തുടക്കത്തോടെയാണ് കോവിഡ് 19നെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞര്‍ യുകെയില്‍ ജനിതകമാറ്റം വന്ന ഉഗ്രശേഷിയുല്ള വൈറസ് കണ്ടെത്തിയത്. ഇതോടെ യുകെയിലെ വൈറസ് ബാധയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. ഈ വൈറസ് വ്യാപനം തടയാന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഫിബ്രവരി മധ്യം വരെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: