കൊച്ചി മുതല്‍ മംഗലാപുരം വരെ നാനൂറ് കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതോടെ രാജ്യത്തിന്റെ വികസന മുഖ്യധാരയിലേക്ക് കേരളവും പ്രവേശിച്ചിരിക്കുകയാണ്. കുടിവെള്ളം പോലെ പാചകവാതകം വീടുകളിലെത്തുന്നതിനും, അന്തരീക്ഷ മലിനീകരണമില്ലാതെ വാഹനങ്ങള്‍ക്ക് വാതകം ഉപയോഗിക്കുന്നതിനും, വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റും ഉപകരിക്കുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതില്‍ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്താത്ത നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം സുപ്രധാന പങ്കുവഹിക്കുന്നു. കേരളത്തിന് വന്‍തോതില്‍ വരുമാനം ലഭിക്കുന്നതും, കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഗുണകരമാവുന്നതുമായ ഈ പദ്ധതി എത്രയോ മുന്‍പ് പൂര്‍ത്തിയാകേണ്ടതായിരുന്നു. ഒരേ കാലത്ത് പദ്ധതിക്ക് തുടക്കം കുറിച്ച ഗുജറാത്തില്‍ വളരെ മുന്‍പ് അത് പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ പദ്ധതി ഉപേക്ഷിക്കുന്ന നിലവരെയെത്തി. 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി എത്തിയതോടെയാണ് ഈ അവസ്ഥയ്ക്ക് മാറ്റം വന്നത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി തന്നെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ പ്രധാനമന്ത്രി വച്ച നിബന്ധനകളാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ വീണ്ടും മുന്നോട്ടുകൊണ്ടുപോയത്.
വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് തുടക്കമിട്ട ഈ പദ്ധതിയെ പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സിപിഎം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു. സ്ഥലമേറ്റെടുപ്പിന്റെയും കുടിയൊഴിപ്പിക്കലിന്റെയുമൊക്കെ പ്രശ്നമുന്നയിച്ച് പദ്ധതി അട്ടിമറിക്കാന്‍ സിപിഎം ആവുന്നത്ര ശ്രമിച്ചു. ജിഹാദി ശക്തികളെ കൂട്ടുപിടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് അവരെ ഭയപ്പെടുത്തി പദ്ധതി മുടക്കാനാണ് സിപിഎം ശ്രമിച്ചത്. പദ്ധതി കടന്നുപോകുന്ന ജില്ലകളിലെല്ലാം സമരസമിതിയുണ്ടാക്കി സിപിഎം രംഗത്തുവന്നു. വാതകബോംബിനുമേല് ജനങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്ന അസത്യപ്രചാരണമാണ് സിപിഎം നടത്തിയത്. അവര്‍ ഇപ്പോള്‍ ബഹുമതി ഏറ്റെടുക്കാന്‍ രംഗത്തുവന്നിരിക്കുന്നത് ലജ്ജാകരമെന്നേ പറയേണ്ടൂ. പദ്ധതി പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുവെന്നാണ് പറയുന്നത്. വികസനത്തില്‍ കക്ഷിരാഷ്ട്രീയം പാടില്ലെന്ന ബിജെപിയുടെ നയത്തിന് അനുസൃതമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. സിപിഎമ്മിനില്ലാത്തതും അതാണ്. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് മാപ്പു പറഞ്ഞിട്ടുവേണം സിപിഎമ്മും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ബഹുമതി ഏറ്റുവാങ്ങാന്‍. അതിനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ ഉള്ളതായി തോന്നുന്നില്ല.
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ണമായും കേന്ദ്രത്തിന്റെ പദ്ധതിയാണ്. ജനക്ഷേമത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ കേരളത്തോട് യാതൊരു അവഗണനയും കാണിക്കരുതെന്ന് നിര്‍ബന്ധമുള്ള മോദി സര്‍ക്കാര്‍ ഗെയില്‍ പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചതിന്റെ ഗുണഫലമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. കേന്ദ്രത്തിന്റെ പല ജനക്ഷേമ പദ്ധതികളും നടപ്പാക്കാതെയും, പേരുമാറ്റി നടപ്പാക്കിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രി തന്നെയാണ് ഇതിന് മുന്നില്‍ നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ പണവും ഉപയോഗിച്ചാണ് ലൈഫ് മിഷന് പദ്ധതിസംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേന്ദ്രം നല്കുന്ന ഭക്ഷ്യധാന്യങ്ങള്‍പോലും തങ്ങളുടെ വകയായി ചിത്രീകരിച്ച് വിതരണം ചെയ്യുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി, തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് എന്നിവയുടെ കാര്യത്തില്‍ ഒരേസമയം കേന്ദ്രവിരുദ്ധവും വികസനവിരുദ്ധവുമായ സമീപനമാണ് പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇത്തരം പ്രതിഷേധങ്ങളുടെ പിന്നാമ്പുറ കഥകള്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തനിനിറം വ്യക്തമാവും. കേന്ദ്രത്തിന്റെ വികസന പദ്ധതികള്‍ക്ക് എതിരു നില്‍ക്കുന്നത് ജനങ്ങളെ ശിക്ഷിക്കുന്ന നടപടിയാണ്. ഈ മനോഭാവം മാറ്റാന്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും തയ്യാറാവണം. പൈപ്പ് ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ വീണ്ടുവിചാരമുണ്ടായതുപോലെ കേന്ദ്രസര്‍ക്കാരിന്റെ വികസന ഉദ്യമങ്ങളെ കലവറയില്ലാതെ സ്വാഗതം ചെയ്യാനുള്ള മനസ്സ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കലാപരിപാടിയില്‍ എപ്പോഴും വിജയിക്കാമെന്ന് കരുതരുത്. ഒരര്‍ത്ഥത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്കുന്ന പുതുവത്സര സമ്മാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: