തന്റെ ശൂരനായ അമ്മാവനെ ഔറംഗസേബ് തിരിച്ചുവിളിച്ചു. ശയിസ്‌തേഖാനെ ബംഗാളിന്റെ സുബേദാറായി നിയമിച്ചുകൊണ്ട് അവിടേക്കയച്ചു. അക്കാലത്ത് ബംഗാളില്‍ അയയ്‌ക്കുക എന്നാല്‍ ഒരു ശിക്ഷയായിരുന്നു. അപമാനംകൊണ്ട് ശയിസ്‌തേഖാന്‍ ലജ്ജിതനായി. മറ്റുപായമില്ലാതെ ഖാന്‍ അതംഗീകരിച്ചു. ശയിസ്‌തേഖാന്റെ സ്ഥാനത്ത് ഔറംഗസേബ് തന്റെ പുത്രനായ ശഹജാദാ-മു-ആജമിനെ ദക്ഷിണ പ്രദേശത്തിന്റെ സുബേദാറായി നിശ്ചയിച്ചു. ഇയാള്‍ മഹാമടിയനായിരുന്നു, സുഖവിലാസി ജീവിതം നയിച്ചിരുന്നു. ജസവന്ത സിംഹനെ തന്റെ അധീനതയില്‍ സൈന്യാധിപനായി നിശ്ചയിച്ചു. ഇതോടെ ശിവാജിയുടെ മാര്‍ഗം സുഗമമായി.
ശിവാജിയുടെ ഈ പുതിയ പ്രഹരം ഔറംഗസേബിന് വലിയ ആഘാതമായി. അപമാനിതനായ ഔറംഗസേബിന്റെ ബോധം ഉണരുന്നതിന് മുന്‍പു തന്നെ ശിവാജി മറ്റൊരു സാഹസത്തെപ്പറ്റി ചിന്തിച്ചു. മൂന്നുവര്‍ഷം സ്വരാജ്യത്ത് അത്യാചാരങ്ങള്‍ നടത്തുകയും നശിപ്പിക്കുകയും ചെയ്തിരുന്നു ശയിസ്‌തേഖാന്‍. ആ നഷ്ടം നികത്തേണ്ടതുണ്ട്. ശിവാജിയുടെ അന്തഃപ്രേരണയുടെ പരിണാമം എന്തായിരിക്കുമെന്ന് ഔറംഗസേബിനെ ബോധ്യപ്പെടുത്തണം. അതോടൊപ്പം സ്വരാജ്യത്തിന്റെ വിസ്താരത്തിനായി നാവികസേനയും കരസേനയും പ്രബലവും വിശാലവുമാക്കണം. അതിനാവശ്യമായ ധനസമാഹരണത്തിനായി സൂറത്ത് നഗരം കൊള്ളയടിക്കണം.
മുഴുവന്‍ ഭാരതത്തിലും ഏറ്റവും വലിയ വാണിജ്യകേന്ദ്രമായിരുന്നു മുഗള്‍ ഭരണത്തിലുള്ള ഗുജറാത്തിലെ സൂറത്ത് തുറമുഖം. പേര്‍ഷ്യ, ആഫ്രിക്ക, അറേബ്യ, ഈജിപ്ത്, ചൈന എന്നിവിടങ്ങളിലെ വ്യാപാരികള്‍ ഇവിടെ ഉണ്ടായിരുന്നു. ഭാരതവുമായുള്ള ഇവരുടെ വ്യാപാരം സൂറത്തില്‍ കൂടിയായിരുന്നു നടന്നിരുന്നത്. മലബാര്‍ മുതല്‍ ഗുജറാത്തുവരെയുള്ള വ്യാപാരികളും ലാഹോര്‍ മുതല്‍ കര്‍ണാടകം വരെയുള്ള വ്യാപാരികളും അവരുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത് ഈ തുറമുഖം വഴിയായിരുന്നു.
സൂറത്ത് വലിയ കയറ്റിറക്കുമതി കേന്ദ്രമായിരുന്നു. സമ്പല്‍സമൃദ്ധിയില്‍ ഇതിനോട് കിടപിടിക്കാന്‍ സാധിക്കുന്ന മറ്റൊരു തുറമുഖം ഉണ്ടായിരുന്നില്ല. അക്കാലത്ത് സൂറത്ത് നഗരത്തിന്റെ ജനസംഖ്യ രണ്ടുലക്ഷത്തോളമായിരുന്നു. വലിയ കുബേരന്മാര്‍ അവിടെ ജീവിക്കുന്നുണ്ടായിരുന്നു. രാവണന്റെ സ്വര്‍ണനഗരം പോലെയായിരുന്നു സൂറത്തിന്റെ വൈഭവം. ഇവിടുന്ന് കരമായി വര്‍ഷംതോറും കോടിക്കണക്കിന് രൂപയാണ് ഔറംഗസേബിന് കിട്ടിക്കൊണ്ടിരുന്നത്. ആ നഗരത്തിന്റെ സംരക്ഷണത്തിനുവേണ്ടി ശക്തമായൊരു കോട്ടയും അവിടെ ഉണ്ടായിരുന്നു.
ശിവാജിയുടെ രഹസ്യാന്വേഷണ വിഭാഗം അതീവ ശക്തമായിരുന്നു. അവരില്‍ ബഹിര്‍ജി എന്നു പേരായ അഗ്രഗണ്യനായ ഒരാളുണ്ടായിരുന്നു. ഇദ്ദേഹമാകട്ടെ വേഷപ്രച്ഛന്നനാകുന്നതിനും രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും അസാധാരണ കഴിവുള്ള വ്യക്തിയായിരുന്നു. ശിവാജിയുടെ ആജ്ഞയനുസരിച്ച് ഇദ്ദേഹം വേഷപ്രച്ഛന്നനായി രഹസ്യമായി സൂറത്ത് നഗരത്തില്‍ പോയി. ഓരോ വ്യാപാരിയുടേയും ധനികന്റേയും സാമ്പത്തിക സ്ഥിതി മനസ്സിലാക്കി. കോട്ടയുടെ ആകാരം, സുരക്ഷാവ്യവസ്ഥ മുതലായ എല്ലാ വിവരങ്ങളും സംഗ്രഹിച്ചു. നഗര രക്ഷയ്‌ക്കായി അവിടെ കേവലം ആയിരം സൈനികരേഉണ്ടായിരുന്നുള്ളൂ. കോട്ടയുടെ പ്രമുഖന്‍ കൈക്കൂലിക്കാരനായിരുന്നു. വാസ്തവത്തില്‍ അവിടെ സുരക്ഷാവ്യവസ്ഥയില്‍ അയ്യായിരം സൈന്യത്തിന്റെ ആവശ്യകതയുണ്ടായിരുന്നു.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: