തിരുവനന്തപുരം : നിയമ വിരുദ്ധമായി വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുമ്പില്‍ ഹാജരായില്ല. നോട്ടീസ് തനിക്ക് ലഭിച്ചില്ലെന്നും അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്നാണ് അയ്യപ്പന് മറുപടി നല്‍കിയത്.
ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് അയ്യപ്പനോട് ആവശ്യപ്പെട്ടത്. സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനേയും അന്വേഷണ സംഘം ചോദ്യം ചെയ്യാനായി ഒരുങ്ങിയത്. എന്നാല്‍ ഫോണിലൂടെയാണ് തന്നോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. അല്ലാതെ നോട്ടീസ് നല്‍കിയിട്ടില്ല. നോട്ടീസ് നല്കിയാല് മാത്രമേ ഹാജരാകുവെന്നും അയ്യപ്പന് അറിയിച്ചു.
എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും എന്നാണ് ബന്ധപ്പെട്ടപ്പോള്‍ അയ്യപ്പന് പറഞ്ഞതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ അല്പം വൈകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇയാളെ ചോദ്യം ചെയ്യുന്നു. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് ഇയാളുടെ മൊഴിയെടുക്കുന്നത്. നേരത്തെയും കസ്റ്റംസ് ഹരികൃഷ്ണനെ വിളിച്ച് വരുത്തി മൊഴി എടുത്തിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: