തൃശൂര്‍: തൊഴിലാളി സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കുതിരാന്‍ തുരങ്ക നിര്‍മ്മാണം ഇന്നലെയും പുനരാരംഭിച്ചില്ല. പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കി ഇരട്ട തുരങ്കങ്ങളില്‍ ഒരെണ്ണം ഒരു മാസത്തിനകം ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് കരാര്‍ കമ്പനിക്ക് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ മുതല്‍ തുരങ്ക നിര്‍മ്മാണം പുനരാരംഭിക്കാന്‍ കരാര്‍ കമ്പനി തീരുമാനിച്ചത്. എന്നാല്‍ രാവിലെ തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ത്തിവെച്ചു.
ശമ്പള കുടിശികയുടെ കാര്യത്തില്‍ കരാര്‍ കമ്പനി വ്യക്തമായ ഉറപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികള്‍ നിര്‍ത്തിവെക്കാന്‍ കാരണമെന്ന് പറയുന്നു. പ്രഗതി ഗ്രൂപ്പിനെ മാറ്റി വൈഷ്ണവി ഇന്‍ഫ്രാസ്ട്രക്ചറിനു നിര്‍മ്മാണ ചുമതല നല്‍കിയിരുന്നുവെങ്കിലും നിലവില്‍ ദേശീയപാത കരാര്‍ കമ്പനി തന്നെയാണ് തുരങ്ക നിര്‍മ്മാണം നടത്തുന്നത്. എട്ടു മാസം തുടര്‍ച്ചയായി മുടങ്ങി കിടന്ന ദേശീയപാത നിര്‍മ്മാണം നവം.21ന് പുനരാരംഭിച്ചെങ്കിലും ശമ്പള കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ ജീവനക്കാരും താത്കാലിക തൊഴിലാളികളും വാഹന ഉടമകളും താമസിയാതെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയായിരുന്നു. ശമ്പള കുടിശികയും വാഹനങ്ങളുടെ വാടകയും ഉള്‍പ്പെടെ 45 കോടി രൂപ നിര്‍മ്മാണ കമ്പനി നല്‍കാനുണ്ട്.
എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കല്‍, അഗ്നിസുരക്ഷാ പൈപ്പും സുരക്ഷാ ക്യാമറകളും സ്ഥാപിക്കല്‍, ഉരുക്കുപാളി ഘടിപ്പിച്ച് കോണ്‍ക്രീറ്റിടല്‍, ട്രാഫിക് ലൈന്‍ വരയ്‌ക്കലും റോഡിന്റെ പ്രതലം വൃത്തിയാക്കല്‍, അടിയന്തര സാഹചര്യങ്ങളിലെ ആശയവിനിമയ സൗകര്യങ്ങള്‍ ഒരുക്കല്‍, തീയണയ്‌ക്കാന്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കലും പൈപ്പിടലും, കണ്‍ട്രോള്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കല്‍, മല തട്ടുകളാക്കി കോണ്‍ക്രീറ്റിട്ട് ഉരുക്കുവല സ്ഥാപിക്കല്‍, ഇരുഭാഗങ്ങളിലും അപകടകരമായ രീതിയിലുള്ള കല്ലും മണ്ണും നീക്കല്‍ എന്നീ ജോലികളാണ് തുരങ്കത്തിന് അകത്തും പുറത്തുമായി ഇനിയും പൂര്‍ത്തിയാക്കാനുള്ളത്. ശമ്പള കുടിശികയുടെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവെന്ന നിലപാടിലാണ് തൊഴിലാളികള്‍.
അതിനിടെ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ദേശീയപാത അധികൃതരുമായി ചര്‍ച്ച നടത്തും. ഒമ്പതിന് എറണാകുളത്ത് നടക്കുന്ന ചര്‍ച്ചയില്‍ എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഇതിനു ശേഷം 11ന് തൃശൂര്‍, പാലക്കാട്, ആലത്തൂര്‍ എംപിമാരായ ടി.എന്‍ പ്രതാപന്‍, വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് എന്നിവരെ പങ്കെടുപ്പിച്ച് മേഖലാതല അവലോകന യോഗം നടത്തും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദേശീയപാതയുടെയും കുതിരാനിലെ ഇരട്ടതുരങ്കത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി യോഗം വിളിച്ചു കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: