തിരുവനന്തപുരം: കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ അത്മഹത്യ ചെയ്ത സംഭവത്തിൽ തർക്ക ഭൂമി വസന്തയുടേതെന്ന് ഉറപ്പിക്കാൻ വസന്തയുടെ അഭിഭാഷകർ. വിലയാധാരത്തിന്റെയും നികുതി രസീതിന്റെയും പകർപ്പുകളുമായി ആയിരുന്നു വാർത്താ സമ്മേളനം.
1989 ൽ എൽഎ8/89 എന്ന നമ്പരിൽ സുകുമാരാൻനായർക്കാണ് ആദ്യം പട്ടയം ലഭിക്കുന്നതെന്ന് വസന്തയുടെ അഭിഭാഷകൻ അഡ്വ.കെ.ജി.വിജയകുമാർ പറഞ്ഞു. ഇത് 2001 ൽ സുഗന്ധിക്ക് വിലയാധാരം നൽകി. തുടർന്ന് 2006 ൽ ആണ് വസന്ത വിലയാധാരമായി വാങ്ങുന്നത്. രാജനും കുടുംബവും ഈവസ്തുവിൽ കയ്യേറി ഷെഡ് നിർമ്മിച്ചതാണ് എന്ന് കോടതി നിയോഗിച്ച കമ്മീഷന് ബോധ്യപ്പെട്ടതാണെന്നും അഭിഭാഷകർ പറഞ്ഞു.
അതിയന്നൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 21ൽ റീസർവ്വേ 852/16ൽ 1.20 ആർ (മൂന്നുസെന്റ്) ഭൂമി വസന്തയുടെ പേരിൽ 2019 ഡിസംബർ 24നാണ് അവസാനമായി കരം അടച്ചിരിക്കുന്നതെന്നും അഭിഭാഷകർ പറയുന്നു. 3634/06-ാം നമ്പർ വിലയാധാരമായി വസ്തു രജിസ്റ്റർ ചെയ്തതു. ഈ വസ്തുവിലാണ് രാജനും കുടുംബവും കൈയേറിയത്. കോടതി വാദത്തിനിടെ ഒരിടത്തും പുറംപോക്ക് ഭൂമിയാണെന്ന് വാദിച്ചിരുന്നില്ലെന് അഭിഭാഷകർ പറയുന്നു. വസന്തയുടെ വസ്തുവിൽ അതിക്രമിച്ചു കയറിയതിന് ആത്മഹത്യചെയ്ത രാജൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ആണ് വസന്ത സിവിൽ കേസ് ഫയൽ ചെയതത്. അതിന്റെ വാദപ്രതിവാദങ്ങൾക്കൊടുവിൽ വസന്തയുടേതാണ് വസ്തുവെന്ന് കോടതി കണ്ടെത്തിയെന്നും അഭിഭാഷകർ പറഞ്ഞു.
വസ്തുവിൽ രാജൻ ഉൾപ്പെടെയുള്ളവർ പ്രവേശിപ്പിക്കരുതെന്നും കോടതി ഉത്തരവു നൽകി. കോടതി നിയോഗിച്ച കമ്മിഷൻ 2020 മാർച്ച് 3 ന് പരിശോധനയക്ക് എത്തുമ്പോൾ വസ്തുവിൽ ഉണ്ടായിരുന്ന ഷെഡിന് 30 ദിവസത്തെ പഴക്കം മാത്രമാണുണ്ടായിരുന്നത്. ഇക്കാര്യം റിപ്പോർട്ടിലുണ്ട്. ഇത് പൊളിച്ചു നീക്കണമെന്നായിരുന്നു കോടതി ഉത്തരവ്. അതിനു സമയവും അനുവദിച്ചു. എന്നാൽ അതിനു പ്രതികൾ തയാറാകാത്തതോടെ 2020 ജൂലൈ 14ന് കോടതി കമ്മിഷണൻ അഡ്വക്കേറ്റിനെ നിയോഗിച്ചു. 2020 സെപ്റ്റംബർ 19ന് കമ്മിഷണർ സ്ഥലത്തെത്തുതയും രാജനും മറ്റും എതിർത്തതിനാൽ പോലീസ് സഹായം ആവശ്യപ്പെട്ട് ഐഎ നമ്പർ 10/2020ാം നമ്പർ ഹർജിയും ഫയൽ ചെയ്തു. ആ ഹർജി ഡിസംബർ 15ന് അനുവദിച്ചു. ഈ ഉത്തരവ് നടപ്പാക്കാനാണ് പോലീസും കോടതി ഉദ്യോഗസ്ഥരും ഡിസംബർ 22ന് കോളനിയിലെത്തിയതെന്നും അഭിഭാഷകർ പറഞ്ഞു. 1999ലും രണ്ട് വസ്തുക്കൾ വസന്ത ഇതേ കോളനിയിൽ നിന്നു വാങ്ങി. അത് 2015 ൽ ചെറുമകന് ഇഷ്ടദാനം നൽകിയെന്നും അഭിഭാഷകൻ പറഞ്ഞു. ബോബി ചെമ്മണ്ണൂരുമായുണ്ടാക്കിയ കരാർ നിയമാനുസരണമാണെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം പട്ടയം ഇപ്പോഴും സുകുമാരൻ നായരുടെ പേരിലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരം നെയ്യാറ്റിൻകര തഹൽസീദാർ പരിശോധിച്ച് വരികായാണ്. റിപ്പോർട്ട് വന്നാൽ മാത്രമേ വസ്തുവിന്റെ പട്ടയം സംബന്ധിച്ചുള്ള ദുരൂഹതകൾ നീങ്ങുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: