തിരുവനന്തപുരം: സ്വകാര്യസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ക്ക് ഏകപക്ഷീയമായി ചുങ്കംചുമത്തി ഗുണ്ടാമോഡലില് സ്വകാര്യ ഏജന്‍സിയെ പണം പിരിക്കാന്‍ ചുമതലപ്പെടുത്തിയതു വഴി വ്യാപാരമേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണ് തിരുവനന്തപുരം നഗരസഭ കൈകൊണ്ടിരിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കമലാലയം സുകു കുറ്റപ്പെടുത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ ഈടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി പത്തിരട്ടിയിലധികമായുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിട നികുതിയും വാണിജ്യ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ പത്തിരട്ടിയിലധികമായുള്ള വെള്ളക്കരവും വൈദ്യുതിചാര്‍ജും നഗരസഭയുടെ ഉദ്യോഗസ്ഥര്‍ തോന്നുന്ന പടി ഈടാക്കുന്നു. നഗരസഭയുടെ രസീതും സീലും ഐഡന്റിറ്റി കാര്‍ഡും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് വ്യാപാരികള്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എസ്. മനോജ്, ട്രഷറര്‍ നെട്ടയം മധു, നേതാക്കളായ കരമന മാധവന് കുട്ടി, ആര്യശാല സുരേഷ്, പാപ്പനംകോട് രാജപ്പന്, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: