കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ദയനീയ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്, മുസ്ലിം ലീഗിന് കീഴടങ്ങിയതാണെന്ന കടുത്ത വിമര്‍ശനവുമായി കത്തോലിക്കാസഭ. എറണാകുളം-അങ്കമാലി അതിരൂപതകളുടെ പ്രസിദ്ധീകരണമായ ‘സത്യദീപം’ ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് സഭ നിലപാട് വ്യക്തമാക്കിയത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബാന്ധവത്തിലൂടെ, കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നല്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പോലും പ്രതീക്ഷിക്കാത്തവിധം ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിക്കാന്‍ കാരണമെന്നും സത്യദീപം വിശദീകരിക്കുന്നു. കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന പ്രതീതി, നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിനായപ്പോള്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ പ്രചാരണ കടിഞ്ഞാണ്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കൈമാറി ഒഴിഞ്ഞൊതുങ്ങി രാഷ്‌ട്രീയാവസരത്തെ പരമാവധി പരാജയപ്പെടുത്തി.
വിത്ത് കുത്തി വിഴുങ്ങുന്ന തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെയോ, ഉപദേശകവൃന്ദങ്ങളുടെ നടുവിലും പാളിപ്പോകുന്ന ഭരണ സംവിധാനങ്ങളെയോ പൊതുജനമദ്ധ്യത്തില്‍ അവതരിപ്പിച്ച് വോട്ടാക്കി മാറ്റുന്നതില്‍ പ്രതിപക്ഷത്തിനുണ്ടായ വീഴ്‌ച്ച സമാനതകളില്ലാത്തതാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങിയെന്ന ഇടതു പ്രചാരണത്തിലൂടെ സംഭവിച്ചതാണ്. അത് പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനായില്ല. സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യുഡിഎഫിന്റെ രാഷ്‌ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്‌ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത്, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നതും, ന്യൂനപക്ഷ ക്ഷേമ വിതരണ തര്‍ക്കങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലിനെ കത്തോലിക്കാ സഭാ നേതൃത്വം തന്നെ സ്വാഗതം ചെയ്യുന്നതും ഇരുമുന്നണികള്‍ക്കും സമ്മര്‍ദ്ദ വിഷയമാകുന്നത് അതുകൊണ്ടാണ്, കത്തോലിക്കാ സഭ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: