കൊച്ചി: വസ്തുതയില്ലാതെ മാധ്യമങ്ങളിലൂടെ വിമര്‍ശനം നടത്തിയവര്‍ക്കെല്ലാം നാവടക്കുന്ന മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ മുതിര്‍ന്ന പത്രപ്രവര്ത്തകന് ടി.ജെ.എസ്. ജോര്‍ജ് കഴിഞ്ഞയാഴ്ച എഴുതിയ വിമര്‍ശനത്തിനു നല്കിയ മറുപടി, ഗവര്‍ണര്‍ക്കെതിരേ കുപ്രചാരണം നടത്തിയവര്‍ക്കെല്ലാമുള്ള പ്രഹരമായി. ഗവര്‍ണര്‍ പറയുന്നു: നിങ്ങള്‍ക്ക് വിമര്‍ശിച്ച് അഭിപ്രായം പറയാം, പക്ഷേ, എന്റെ മനസിലിരുപ്പ് എന്താണെന്നൊക്കെ വ്യാഖ്യാനിക്കാനുള്ള ‘തോന്ന്യവാസ’ത്തിന് അവകാശമില്ല. കോളമെഴുത്തുകാര്‍ ചിലര്‍ ചിന്തിക്കുന്നത് അവര്‍ ദൈവമാണെന്നാണ്.
ജോര്‍ജിന് കൊടുത്ത മറുപടിയാണ് കത്ത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. എന്നാല്‍, കത്ത് മറ്റുതരത്തില്‍ പുറത്തുവന്നാല്‍ അത് കൂടുതല്‍ കുഴപ്പങ്ങളാകുമെന്നറിഞ്ഞ് ഗവര്‍ണറുടെ കത്ത് അപ്പാടേ ജോര്‍ജ് പ്രസിദ്ധീകരിക്കുകയായിരുന്നു.
കര്‍ഷക ബില്ലിനെ എതിര്‍ത്തുകൊണ്ട് പ്രമേയം പാസാക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കാന്‍ നല്കിയ നിര്‍ദേശം ഗവര്‍ണര്‍ തിരിച്ചയച്ചതിനെക്കുറിച്ചായിരുന്നു ജോര്‍ജിന്റെ വിമര്‍ശനം. അടിത്തറയില്ലാതെ മോദി, കേന്ദ്ര സര്‍ക്കാര്‍, ബിജെപി, സംഘപരിവാര്‍ തുടങ്ങിയ ദേശീയതാ പക്ഷക്കാരെ എതിര്‍ക്കുന്ന ജോര്‍ജിന്റെ വാദങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിലംപരിശാക്കി. പ്രത്യേക സമ്മേളനം എന്നൊരു ചട്ടം ഇല്ലെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ ഗവര്‍ണര്‍ പഠിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് സമ്മേളനം വിളിക്കാന്‍ കൊടുത്ത അപേക്ഷയും ‘പ്രത്യേക സമ്മേളന’ത്തിന് കൊടുത്ത അപേക്ഷയും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ആരിഫ് മുഹമ്മദ് ഖാന് പങ്കുവയ്ക്കുന്നു.
ഗവര്‍ണര്‍ ഇത്രകൂടി പറയുന്നു: നിങ്ങള്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ്. എന്റെ കാഴ്ചപ്പാടും പ്രവൃത്തിയും നിരീക്ഷിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ താങ്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ എന്റെ ഇംഗിതം എന്താണെന്ന് വ്യാഖ്യാനിക്കാനുള്ള അവിവേകമോ (താന്തോന്നിത്തമോ) മനസിലിരിപ്പ് നിരീക്ഷണം നടത്താനുള്ള അധികാരമോ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: