തൊടുപുഴ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. നഗരസഭയില്‍ കോലാനി പഞ്ചവടിപ്പാലത്തിന് സമീപം തോണിക്കുഴിമലയിലാണ് സംഭവം.
സംഭവമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പോലീസ് സ്ഥലത്തെത്തി മാലിന്യം എത്തിച്ച മിനി ലോറി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കോലാനി മുളയിങ്കല്‍ ബിജു, സാമുവല്‍(ബിജു) എന്നിവരുടെ പേരില്‍ കേസെടുത്തു.
ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യമാണ് വാര്‍ഡിലെ പകല്‍വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ഇയാളുടെ അനുവാദത്തോടെ നിക്ഷേപിച്ചത്. മിനിലോറിയില്‍ ചാക്കുകെട്ടുകളിലാക്കിയ നിലയിലായിരുന്നു മാലിന്യം.
സംഭവമറിഞ്ഞ് നാട്ടുകാര്‍ എത്തി മാലിന്യം സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ മെര്‍ലി രാജു, ആര്.ഹരി എന്നിവരും സ്ഥലത്തെത്തി.
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് മാലിന്യം എത്തിച്ചവരോട് ഇതുനീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്കി. കേസെടുത്ത പോലീസ് ഇന്നലെ വാഹനം വിട്ടു നല്കി. പിന്നീട് മാലിന്യം തള്ളിയവര്‍ ഇത് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: