കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം സ്വര്‍ണക്കടത്തുമാഫിയയുടെ കേന്ദ്രമായി മാറുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ 1.45 കോടിയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. കഴിഞ്ഞ ഏതാനും നാളുകളായി എല്ലാ ദിവസവും സ്വര്‍ണ്ണക്കടത്തുകാരെ പിടികൂടുന്ന സ്ഥിതിയാണ്. വെളളിയാഴ്ച കാസര്‍ഗോഡ് സ്വദേശി ഹാഫിസില്‍ നിന്ന് 26.04 ലക്ഷംരൂപ മൂല്യമുള്ള 480 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ശനിയാഴ്ച നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്ഠാപുരം സ്വദേശി സബീര്‍ എന്നിവരില്‍ നിന്ന് 92.98 ലക്ഷംരൂപ മൂല്യമുള്ള 1714 ഗ്രാം സ്വര്‍ണ്ണം പിടികൂടിയിരുന്നു. ഇന്നലെ ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി എം.എം. താജില്‍ 25 ലക്ഷം രൂപ വിലമതിക്കുന്ന 484 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി.
വിമാനത്താവളം യാഥാര്‍ത്ഥ്യമായി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ 100 കിലോഗ്രാമോളം സ്വര്‍ണമാണ് ഇതുവരെ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. 40 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് ഇതുവരെ ഇവിടെ നിന്നും പിടികൂടിയത്. വിമാനത്താവളത്തിലെ എയര്‍കസ്റ്റംസ് 3,11,087,791 രൂപ വരുന്ന 74.9 കിലോ സ്വര്‍ണവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 11കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. 2018-19 സാമ്പത്തികവര്‍ഷം 3557.92 ഗ്രാമും 2019-20 വര്‍ഷത്തില്‍ 47121.38 ഗ്രാമും ഈ സാമ്പത്തികവര്‍ഷം ഇതുവരെ 25,229.79 ഗ്രാം സ്വര്‍ണവുമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്.
കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണില്‍ വിദേശസര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ സ്വര്‍ണക്കടത്ത് കുറഞ്ഞിരുന്നുവെങ്കിലും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതിയായതോടെയാണ് സ്വര്‍ണക്കടത്ത് വീണ്ടും സജീവമായത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ആദ്യത്തെ ഒരു മാസം തന്നെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടാംവര്‍ഷം 63 കേസുകളും. ലോക്ക് ഡൗണിനുശേഷം 30 ലധികം കേസുകളുമാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത് ദുബായില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ്. 2018 ഡിസംബര്‍ ഒമ്പതിന് വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞ് പതിനാറാംദിവസമാണ് ആദ്യ സ്വര്‍ണവേട്ട നടന്നത്.
കൊവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനിടെ നിരവധി പേരാണ് മലദ്വാരത്തിലും അടിവസ്ത്രത്തിനുള്ളിലും ചോക്ലേറ്റ് രൂപത്തിലുമായി ഒളിപ്പിച്ചു സ്വര്‍ണം കടത്തിയത്. ദുബായ്, ഷാര്‍ജ, ദോഹ, അബുദാബി എന്നിവിടങ്ങളില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. മൂന്നുതവണ വിമാനത്തിലും ഒരുതവണ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്ഡിംഗിനുള്ളിലും ഉപേക്ഷിച്ചനിലയിലും സ്വര്‍ണം കണ്ടെത്തുകയുണ്ടായി. ഇതുവരെ സ്വര്‍ണ്ണവുമായി പിടികൂടിയവരില്‍ തൊണ്ണൂറു ശതമാനവും കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുളളവരാണ് എന്നതു കൊണ്ടുതന്നെ ഈ രണ്ട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്ണ്ണക്കളളക്കടത് മാഫിയകളാണ് കണ്ണൂര്‍ വിമാനത്താവളം വഴിയുളള സ്വര്‍ണ്ണക്കടത്തിന് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: